ശ്രീനഗറിൽ സംഘർഷത്തെ തുടർന്നു ഞായറാഴ്ച പ്രഖ്യാപിച്ച കർഫ്യൂ തുടരുന്നു.

12:15 pm 28/5/2017


ശ്രീനഗർ: ജമ്മുകാഷ്മീരിലെ ശ്രീനഗറിൽ സംഘർഷത്തെ തുടർന്നു ഞായറാഴ്ച പ്രഖ്യാപിച്ച കർഫ്യൂ തുടരുന്നു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ശനിയാഴ്ച ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സബ്സർ അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടതിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷം പൊട്ടിപുറപ്പെട്ടത്. കാഷ്മീർ താഴ്വരയിലെ ക്രമസമാധനവും നിയമ വ്യവസ്ഥകളും സംരക്ഷിക്കുന്നതിനാണു പ്രദേശത്ത് കർഫ്യൂ തുടരുന്നതെന്ന് അധികൃതർ അറിയിച്ചു.

ശ്രീനഗറിലെ നൗഹാട്ട, റൈനാവരി, ഖ്യാനർ, എം.ആർ. ഗുഞ്ച്, സഫാ കടൽ, ഖർഖുണ്ട, മൈസുമ തുടങ്ങിയ ഏഴ് പോലീസ് സ്റ്റേഷനുകളിലും കർഫ്യൂ തുടരുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഫറുദ് അഹമ്മദ് ലയണ്‍ അറിയിച്ചു. ഷോപിയാൻ, കുൽഗാം, പുൽവാമ, ഗാൻഡർബാൾ, ബാൻഡിപൂര, കുപ്വാര, ബാരമുള്ള തുടങ്ങിയ ജില്ലകളിലും ക്രമസമാധാനം വീണ്ടെടുക്കാൻ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.

മുതിർന്ന വിഘടനവാദി നേതാക്കളായ സെെയ്ദ് അലി ഗിലാനി, മിർവൈയിസ് ഉമർ ഫറുദ് തുടങ്ങിയവരെ പോലീസ് അറ്സറ്റു ചെയ്തു. ഞായറാഴ്ച ജെകഐൽഎഫ് നേതാവ് മുഹമ്മദ് യാസിൻ മാലികിനെ പോലീസ് അറസ്റ്റു ചെയ്തു സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു.

സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അധികൃതർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച നടക്കാനിരുന്ന സർവകലശാല പരീക്ഷകളും മാറ്റിവച്ചു.