08:23 am 17/2/2017

‘ഓര്‍മ്മ യാത്ര ജീവിതം’ എന്ന പി സി അബ്രഹാമിന്റെ ഓര്‍മ്മക്കുറിപ്പുകളെപ്പറ്റി ശ്രീ ജോണ്‍ മാത്യു, ജെ പി എം ന്യൂസില്‍ എഴുതിയ ലേഖനം വിജ്ഞാനപ്രദമായിരുന്നു. പ്രഗത്ഭനും പ്രശസ്തനുമായൊരു കഥാപ്രാസംഗികനായിട്ടാണ് ശ്രീ പി സി അബ്രഹാമിനെ ആദ്യമായി ഞാന്‍ കാണുന്നത്. ധോത്തിയും ജുബ്ബാ ഷര്‍ട്ടും ധരിച്ച്, കയ്യില്‍ ഒരു ചപ്‌ളാംകട്ടയും പിടിച്ചുകൊണ്ട്:
‘താഴത്തേക്കെന്തിത്ര സൂക്ഷിച്ചുനോക്കുന്നു
താരകളേ, നിങ്ങള്‍ നിശ്ചലരായ്
നിങ്ങള്‍തന്‍ കൂട്ടത്തില്‍ നിന്നിപ്പോളാരാനും
ഭംഗമാര്‍ന്നൂഴിയില്‍ വീണുപോയോ?
ദാരിദ്ര്യശുഷ്കമാം പാഴ്ക്കുടിലൊന്നി
ലാണീ രുചിരാംഗി ജനിച്ചതത്രേ
സ്വര്‍ഗകര്‍ത്താവിവള്‍ക്കാവോളമേകിനാന്‍
സ്വര്‍ഗലോകത്തിലെ സൗന്ദര്യത്തെ
കൊററിനുഴക്കരി കാണാതിരുന്നിവള്‍
കൊററക്കുട ചൂടും റാണിയായി
ഹന്ത സൗന്ദര്യമേ! നാരിതന്‍ മെയ് ചേര്‍ന്നാല്‍
എന്തെന്തു സൗഭാഗ്യം സാധിക്കയായ്’
എന്നു ശ്രുതിമധുരമായി പാടിക്കൊണ്ടു കഥാപ്രസംഗം നടത്തുന്ന പി സി അബ്രഹാം എന്ന ആ അതുല്യ പ്രതിഭാവിലാസത്തെ അഥവാ കാഥികനെ ആരാധാനാദരവുകളോടു കൂടി ഞാനിന്നും ഓര്‍ക്കുന്നു. എന്റേയും ബാല്യത്തില്‍, ഞാന്‍ പഠിച്ചിരുന്ന റാന്നിയിലെ ഒരു െ്രെപമറിസ്കൂളിലെ ഒരു വലിയ സദസ്സിന്റെ മുമ്പില്‍ വെച്ച് വള്ളത്തോളിന്റെ പ്രശസ്തമായ മഗ്ദലനമറിയം എന്ന ഖണ്ഡകാവ്യത്തെ ആസ്പദമാക്കിക്കൊണ്ടുള്ള ഹൃദയാഹ്‌ളാദഹാരിയായ അദ്ദേഹത്തിന്റെ കഥാപ്രസംഗം കേള്‍ക്കുവാനുള്ള ഭാഗ്യം എനിക്കും ഉണ്ടായി. എന്റെ ഹൃദയത്തെ ഏറെ സ്വാധീനിച്ച ആസ്വാദ്യമധുരമായ കഥാപ്രസംഗവും അതായിരുന്നു.
കേരളത്തിലെ പ്രശസ്തരായിരുന്ന രാഷ്ട്രീയനേതാക്കന്മാരും മുഖ്യമന്ത്രിമാരും മലയാളമനോരമ പത്രാധിപരായിരുന്ന മാമ്മന്‍ മാപ്പിള തൊട്ട് പ്രശസ്തനായിരുന്ന ജോസഫ് മുണ്ടശ്ശേരി വരെയുള്ള മഹാനുഭാവന്മാരുടെ മതിപ്പും മമതയും പിടിച്ചുപറ്റുവാന്‍ പി സി അബ്രഹാമിനും അദ്ദേഹത്തിന്റെ കഥാപ്രസംഗത്തിനും കഴിഞ്ഞു എന്നുള്ളതാണു സത്യം.
പി സി അബ്രഹാമിന്റെ കഥാപ്രസംഗത്തെ ആകര്‍ഷകവും ആസ്വാദ്യമധുരവുമാക്കിത്തീര്‍ത്ത മറ്റൊരു ഉല്‍കൃഷ്ട കലാകാരന്‍ ഫിഡിലിസ്റ്റ് അതിരമ്പുഴ റ്റി സി മാത്യുവായിരുന്നു. സംസാരിക്കുന്ന ഫിഡിലിസ്റ്റ് എന്നു പുകഴ്ത്തപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കലാവൈഭവം ആക്ഷരികമായും യാഥാര്‍ത്ഥ്യമായിരുന്നു എന്നുള്ളതിനു ഞാന്‍ ഒരനുഭവസ്ഥന്‍ കൂടിയാണ്. വേദിയിലിരുന്ന് ഒരു പാട്ടുപാടി നിര്‍ത്തിയ ഭാഗവതരെ നോക്കി കാഥികന്‍ അന്നു പറഞ്ഞു, ‘അങ്ങനെ പാടണം’ എന്ന്. അതു കേള്‍ക്കേണ്ട താമസം, പ്രശസ്തനായ ആ ഫിഡിലിസ്റ്റിന്റെ വീണയും അതിവിദഗ്ദ്ധമായി അതേറ്റു പറഞ്ഞു, ‘അങ്ങനെ പാടണം’ എന്ന്. സദസ്സു മുഴുവന്‍ കൈയടിച്ച് അദ്ദേഹത്തിന്റെ ആ അത്ഭുതസിദ്ധിയെ അഭിനന്ദിച്ചു. പി സി അബ്രഹാമിന്റെ കഥാപ്രസംഗം ജാതിമതമേദമെന്യേ സര്‍വജന മനോനന്ദനീയമായിരുന്നു.
കാലം അതിവേഗം കടന്നുപോയിരിക്കുന്നു. മലയാളികളുടെ കലാസ്വാദന സാഹിത്യാഭിരുചികള്‍ക്കൊക്കെ വലിയ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. സദാചാര ധാര്‍മ്മികമൂല്യങ്ങള്‍ക്കു യാതൊരു സ്ഥാനവുമില്ലാത്ത സിനിമകളും സീരിയലുകളും ചാനലുകളുമൊക്കെ അരങ്ങു തകര്‍ത്തുകൊണ്ടിരിക്കുന്നു. മലയാളി യുവതലമുറകളും അനിയന്ത്രിതമായി വഴി തെറ്റിക്കൊണ്ടുമിരിക്കുന്നു എന്നുള്ളതാണു സത്യം. യഥാര്‍ത്ഥമായ കല ആത്യന്തികമായും നന്മയാണ്. മാനുഷികമൂല്യങ്ങളുടെ പരിപോഷണമാണ് അതിന്റെ പരമമായ ലക്ഷ്യവും. അങ്ങനെയുള്ള കലകള്‍ക്കിന്ന് ആസ്വാദകരുമില്ല.
ഇന്നു കഥാപ്രസംഗകല മലയാളിസമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ‘ഓര്‍മ്മ യാത്ര ജീവിതം’ എന്ന കാഥികന്‍ ശ്രീ പി സി അബ്രഹാമിന്റെ ഓര്‍മ്മക്കുറിപ്പുകളെപ്പറ്റിയുള്ള ശ്രീ ജോണ്‍ മാത്യുവിന്റെ ലേഖനത്തിനു പ്രസക്തിയും പ്രാശസ്ത്യവും ഏറെയുണ്ട്. ലേഖകന് എന്റെ അഭിനന്ദനങ്ങള്‍.
