10:55 am 7/12/2016

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ 33-മത് ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ മൂന്നാംതീയതി ശനിയാഴ്ച വൈകിട്ട് പാര്‍ക്ക് റിഡ്ജിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.
എക്യൂമെനിക്കല്‍ ഗായകസംഘം ആലപിച്ച കരോള്‍ ഗാനങ്ങളുടെ അകമ്പടിയോടെ കൗണ്‍സില്‍ അംഗങ്ങളും, വൈദീകരും, വിശിഷ്ടാതിഥിയും ചേര്‍ന്ന് നടത്തിയ ഘോഷയാത്ര, തുടര്‍ന്ന് ആരാധന, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവ നടത്തപ്പെട്ടു.
ക്രിസ്തുമസ് പ്രോഗ്രാം ചെയര്‍മാന്‍ വന്ദ്യ കോര്‍എപ്പിസ്‌കോപ്പ സ്കറിയ തെലാപ്പള്ളില്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം കോ- ചെയര്‍മാന്‍ ഫാ. മാത്യൂസ് ജോര്‍ജ് ഏവരേയും ക്രിസ്തുമസ് ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി.
സെന്റ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷനും എക്യൂമെനിക്കല്‍ കൗണ്‍സില്‍ രക്ഷാധികാരിയുമായ അഭിവന്ദ്യ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ക്രിസ്തുമസ് സന്ദേശം നല്കുകയും നിലവിളക്ക് തെളിയിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഭവനരഹിതര്‍ക്കായി നല്‍കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ താക്കോല്‍ അങ്ങാടിയത്ത് പിതാവില്‍ നിന്നും റവ. ഏബ്രഹാം സ്കറിയ സ്വീകരിച്ച്, നിര്‍മ്മിച്ച് നല്‍കിയ വീടിനെപ്പറ്റിയുള്ള വിവരങ്ങള്‍ നല്കി. തുടര്‍ന്ന് വോളിബോള്‍ ടൂര്‍ണമെന്റിലും, ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിലും വിജയികളായവര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ഈവര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയ പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ട്രോഫിയും, ടൂര്‍ണ്ണമെന്റ് ചെലവുകള്‍ക്ക് അവശ്യമായ തുകയും പ്രവീണ്‍ വര്‍ഗീസിന്റെ മാതാവ് ലവ്‌ലി വര്‍ഗീസ് തദവസരത്തില്‍ നല്കി.
റവ.ഡോ. സോളമന്‍ രചിച്ച “വിവാഹം, സങ്കല്‍പവും സാഫല്യവും’ എന്ന പുസ്തകത്തിന്റെ പ്രകാശനം കൗണ്‍സില്‍ പ്രസിഡന്റ് റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ആദ്യ കോപ്പി മാര്‍ അങ്ങാടിയത്ത് പിതാവിനു നല്‍കി നിര്‍വഹിച്ചു. ജോയിന്റ് സെക്രട്ടറി ആന്റോ കവലയ്ക്കല്‍ സ്‌പോണ്‍സേഴ്‌സിനെ പരിചയപ്പെടുത്തി. പ്രശംസാഫലകങ്ങള്‍ അങ്ങാടിയത്ത് പിതാവ് വിതരണം ചെയ്തു. സെക്രട്ടറി ബെഞ്ചമിന്‍ തോമസ് നന്ദി രേഖപ്പെടുത്തി. പൊതുസമ്മേളനത്തിന്റെ എം.സി പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ആയിരുന്നു.
എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ 15 സഭാംഗങ്ങള്‍ അവതരിപ്പിച്ച കലാമൂല്യമുള്ളതും നല്ല സന്ദേശം നല്കുന്നതുമായ സ്കിറ്റുകള്‍, നൃത്തങ്ങള്‍, കരോള്‍ ഗാനങ്ങള്‍ എന്നിവ അവിസ്മരണീയമായി. എക്യൂമെനിക്കല്‍ ക്വയറിന്റെ ഗാനങ്ങള്‍ ശ്രുതിമധുരമായി. ചിക്കാഗോ ചെണ്ടമേളം ക്ലബിന്റെ ചെണ്ടമേളം കലാപരിപാടികള്‍ക്ക് മികവുകൂട്ടി. കലാപരിപാടികളുടെ എം.സിയായി അലീന ഡാനിയേലും, സിമി ജോസഫും പ്രവര്‍ത്തിച്ചു.
ക്രിസ്തുമസ് പ്രോഗ്രാമിന്റെ വിജയത്തിനായി വെരി റവ. കോര്‍എപ്പിസ്‌കോപ്പ സ്കറിയ തെലാപ്പള്ളില്‍, റവ.ഫാ. മാത്യൂസ് ജോര്‍ജ് എന്നിവര്‍ ചെയര്‍മാന്‍മാരായും, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (കണ്‍വീനര്‍), രഞ്ജന്‍ ഏബ്രഹാം (ജോ. കണ്‍വീനര്‍), ജോര്‍ജ് പി. മാത്യു (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവരും 25 പേര്‍ അടങ്ങുന്ന ക്രിസ്തുമസ് പ്രോഗ്രാം കമ്മിറ്റിയും വിജയത്തിനായി പ്രവര്‍ത്തിച്ചു.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (പ്രസിഡന്റ്), റവ.ഫാ. ബാബു മഠത്തില്‍പ്പറമ്പില്‍ (വൈസ് പ്രസിഡന്റ്), ബെഞ്ചമിന്‍ തോമസ് (സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ജോ. സെക്രട്ടറി), മാത്യു മാപ്ലേട്ട് (ട്രഷറര്‍) എന്നിവരും പ്രോഗ്രാമിനു നേതൃത്വം നല്‍കി.

