ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ തിരുനാള്‍ നൈറ്റും ദുക്‌റാന ദിനാചരണവും

09:34am 13/7/2106

ബീന വള്ളിക്കളം
Newsimg1_48611571
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച് നടന്ന തിരുനാള്‍ നൈറ്റ് “വിസ്മയ 2016′ അതിമനോഹരമായി. ഇടവകയിലെ യുവജനങ്ങള്‍ ഏറ്റെടുത്തു നടത്തിയ തിരുനാളിലെ മനോഹര സായാഹ്നങ്ങളിലൊന്നായി ഈ ആഘോഷം.

ജൂലൈ രണ്ടാംതീയതി ശനിയാഴ്ച വൈകിട്ട് നടന്ന ഇംഗ്ലീഷ് കുര്‍ബാനയില്‍ ഫാ. ജോസഫ് പാലയ്ക്കല്‍ കാര്‍മികത്വം വഹിച്ചു ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫാ. ഡേവിഡ് മൗറി, ഫാ. സെബാസ്റ്റ്യന്‍ പുരയിടം, ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഫാ. ആന്റണി തുണ്ടത്തില്‍, ഫാ. മാത്യു പന്തലാനിക്കല്‍, ഫാ. ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍, ഫാ. പോള്‍ ചാലിശേരി എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തിരുനാള്‍ സന്ദേശം നല്‍കിയ ഫാ. ഡേവിഡ് മാര്‍ത്തോമാ ക്രിസ്ത്യാനികളെന്ന നിലയില്‍ ഏറ്റവും അഭിമാനംകൊള്ളുവാനും, വിശ്വാസ-ത്യാഗ മാതൃകയായ മാര്‍ത്തോമാശ്ശീഹായുടെ മാതൃക ഏവര്‍ക്കും തുടരാന്‍ കഴിയട്ടെ എന്നും ആശംസിച്ചു.

തുടര്‍ന്ന് നടന്ന തിരുനാള്‍ നൈറ്റ് “വിസ്മയ 2016′ പുതുമയാര്‍ന്ന അവതരണങ്ങളിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ജോ കണികുന്നേല്‍, വിബിന്‍ ഫിലിപ്പ്, എന്നിവര്‍ ഏവരേയും സ്വാഗതം ചെയ്തു. സി.വൈ.എം അംഗങ്ങളുടെ പ്രാര്‍ത്ഥനാതീതത്തിനുശേഷം ഇടകാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. യുവജനങ്ങളുടെ നേതൃത്വത്തിനും കൂട്ടായ്മയ്ക്കും ഏറെ അനുമോദനങ്ങള്‍ അര്‍പ്പിച്ച പിതാവ് ഇടവകയുടെ ഭാവി യുവജനങ്ങളുടെ കൈയ്യില്‍ സുരക്ഷിതമാണെന്നു തനിക്കുറപ്പുണ്ടെന്ന് പറഞ്ഞു. ഇടവക വികാരി അഗസ്റ്റിനച്ചന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. ടെറില്‍ വള്ളിക്കളം, മാനുവല്‍ കാപ്പന്‍, അഖില അബ്രഹാം എന്നിവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി. തുടര്‍ന്ന് വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ അരങ്ങേറി. “സീറോ മലബാര്‍ ഐഡന്റിറ്റി’ എന്നതായിരുന്നു പ്രമേയം. ഇടവകയിലെ കുഞ്ഞുങ്ങളുടെ മനോഹര അവതരണങ്ങള്‍ക്കൊപ്പം പോളിഷ്, മെക്‌സിക്കന്‍ ഗ്രൂപ്പുകളുടെ പ്രകടനങ്ങള്‍ ശ്രദ്ധേയമായി. ഇടവകയിലെ യൂത്ത് സംഗീത ഗ്രൂപ്പിന്റെ മാസ്മരിക സംഗീതം ഏറെ മനോഹരമായി. മെന്‍ ഓഫ് ഡാന്‍സ് (വി.ഐ.സി), സെന്റ് ലൂയീസ് യൂണിവേഴ്‌സിറ്റി ഡാന്‍സ് ഗ്രൂപ്പ് RAAS എന്നിവയും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സി.വൈ.എം അംഗങ്ങള്‍ അവതരിപ്പിച്ച ഓട്ടംതുള്ളല്‍ എല്ലാവരും ചിരിയുടെ അനുഭവമായി മാറി. ആഷ്‌ലി തെങ്ങുംമൂട്ടില്‍, റീന നെടുങ്ങോട്ടില്‍, ലയ തോമസ്. അഞ്ജു ആന്റണി എന്നിവര്‍ പരിപാടികളുടെ ഒരുക്കത്തിനും, അവതരണത്തിനും നേതൃത്വമേകി. സീറോ മലബാര്‍ വിശ്വാസത്തെക്കുറിച്ച് വിവിധ പ്രായത്തിലുള്ള യുവജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും വ്യക്തമാക്കുന്ന വീഡിയോ ശകലങ്ങള്‍ ഏറെ ശ്രദ്ധേയമായി.

ജൂലൈ 3-നു ഞായറാഴ്ച ദുക്‌റാന ദിനം വൈകിട്ട് 4.30-ന് ആരംഭിച്ച ദിവ്യബലിയില്‍ മാര്‍ ജോയി ആലപ്പാട്ട് കാര്‍മികത്വം വഹിച്ചു. ഫാ. ബ്രിട്ടോ ബര്‍ക്കുമാന്‍സ് തന്റെ സന്ദേശത്തില്‍ യേശുവിനെ അറിയുവാനും സ്‌നേഹിക്കുവാനും, പിന്തുടരാനും ഏവരേയും ആഹ്വാനം ചെയ്തു. മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ വര്‍ഗീസ് തോട്ടക്കര എന്നീ ബിഷപ്പുമാരും, റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ഫാ. അബ്രഹാം മുത്തോലം, ഫാ. ആന്റണി തുണ്ടത്തില്‍, ഫാ. പോള്‍ ചാലിശേരി, ഫാ. മാത്യു പന്തലാനിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പുരയിടം, ഫാ. ഡേവിസ് എടശേരി, ഫാ. തോമസ് കുറ്റിയാനി, ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ഫാ. ബിജു ചൂരപ്പാടത്ത്, ഫാ. തോമസ് വട്ടപ്പള്ളി, ഫ്ര. പ്രദീപ് കൈപ്പത്തിപ്പാറയില്‍, ഫാ. ജോസഫ് കപ്പലുമാക്കല്‍ എന്നീ വൈദീകരും കാര്‍മികരായ ആഘോഷമായ റാസ കുര്‍ബാന ഏറെ ഭക്തിനിര്‍ഭരമായി. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച നടന്നു. അടുത്തവര്‍ഷം തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് സെന്റ് ജോണ്‍സ് (സൗത്ത് വെസ്റ്റ്) വാര്‍ഡ് അംഗങ്ങളാണ്.

തുടര്‍ന്ന് പരമ്പരാഗത ശൈലിയില്‍, തനി കേരളത്തനിമയില്‍ വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങളും വഹിച്ച് ചെണ്ടമേളങ്ങളുടേയും, കൊടിതോരണങ്ങളുടേയും, മുത്തുക്കുടകളുടേയും അകമ്പടിയോടെ നടന്ന പ്രദക്ഷിണം പ്രാര്‍ത്ഥനാനിര്‍ഭരവും അതിമനോഹരവുമായി. കുട്ടികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബും, ഡി.ജെയും അവതരണത്തിന്റെ പുതുമകൊണ്ടും, കുട്ടികളുടെ പങ്കാളിത്തംകൊണ്ടും ഏറെ ശ്രദ്ധേയമായി. അതിമനോഹരമായ ലേസര്‍ഷോയും, തുടര്‍ന്ന് സ്‌നേഹവിരുന്നുമുണ്ടായിരുന്നു.

എബിന്‍ കുര്യാക്കോസ്, ആഷ്‌ലി തെങ്ങുംമൂട്ടില്‍, ഓസ്റ്റിന്‍ ലാകായില്‍, ജോ കണികുന്നേല്‍, ജോ ലൂക്ക് (അപ്പു) ചിറയില്‍, ജോസഫ് ജോര്‍ജ്, റീന നെടുങ്ങോട്ടില്‍, സാന്‍ജോ തുളുവത്ത്, സൂസന്‍ സണ്ണി, വിബിന്‍ പേരാലുങ്കല്‍ എന്നീ തിരുനാള്‍ കോര്‍ഡിനേറ്റര്‍മാരോടൊപ്പം ജിബു ജോസഫ്, ജോണ്‍ കൂള എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ യുവജനങ്ങളും ഒന്നുചേര്‍ന്നു നടത്തിയ ഈ ഭക്ത്യാദരപൂര്‍വ്വമായ തിരുനാള്‍ ഇന്ത്യയ്ക്കു പുറത്ത് സീറോ മലബാര്‍ സമൂഹത്തിന്റെ വിശ്വാസപിന്തുടര്‍ച്ചയുടെ പ്രതീകമായി മാറി.