ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ഡയറക്ടറി 2016 പ്രകാശനം ചെയ്തു

09:18 pm 28/9/2016
Newsimg1_11191886 (1)
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ “ഡയറക്ടറി 2016′ സെപ്റ്റംബര്‍ 13-നു ചൊവ്വാഴ്ച സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് പ്രകാശനം ചെയ്തു. രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദീകരുടെ സമ്മേളനത്തില്‍ വച്ചാണ് പ്രകാശന കര്‍മ്മം നടന്നത്. ഡയറക്ടറിയുടെ ആദ്യ കോപ്പി ബ്രോങ്ക്‌സ് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ജോസ് കണ്ടത്തിക്കുടി അച്ചന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പില്‍ നിന്ന് ഏറ്റുവാങ്ങി.

2001 മാര്‍ച്ച് 13-നു സ്ഥാപിതമായ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആദ്യത്തെ ഈ ഡയറക്ടറിയില്‍ രൂപതയുടെ നാളിതുവരെയുള്ള വളര്‍ച്ചയുടെ വ്യത്യസ്ത തലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രൂപതയുടെ കീഴിലുള്ള ഫൊറോനകള്‍, ഇടവകകള്‍, മിഷനുകള്‍, രൂപതയില്‍ സേവനം ചെയ്യുന്ന വൈദീകര്‍, സെമിനാരിക്കാര്‍, സന്യാസി-സന്യാസിനി സമൂഹങ്ങള്‍, വിവിധങ്ങളായ അപ്പോസ്തലേറ്റുകള്‍, സാര്‍വ്വത്രിക സഭ, അമേരിക്കയിലെ കത്തോലിക്കാ സഭ, സീറോ മലബാര്‍ ഹയരാര്‍ക്കി തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

രൂപതയുടെ ഘടനയും രൂപവും നിര്‍ണ്ണയിക്കുന്നതില്‍ ഡയറക്ടറി സുപ്രധാന പങ്കുവഹിക്കുമെന്നു രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അറിയിച്ചു.