ഷിബിന്‍ വധക്കേസില്‍ വെറുതെവിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

08:20 am 13/8/2016
download (1)

നാദാപുരം: തൂണേരി വെള്ളൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ട പ്രതി വെട്ടേറ്റു മരിച്ചു. ചാലപ്പുറം കാളിയപ്പറമ്പത്ത് അസ് ലം (22) ആണ് ഇന്നോവ കാറിലത്തെിയ സംഘത്തിന്‍െറ വെട്ടേറ്റ് മരിച്ചത്. ഇയാള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 9.30ഓടെയായിരുന്നു അന്ത്യം.

കെ.എല്‍ 18 കെ 6592 സ്കൂട്ടറില്‍ സുഹൃത്ത് പുളിയാവിലെ ഷാഫിക്കൊപ്പം വെള്ളൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ ചാലപ്പുറം വെള്ളൂര്‍ റോഡില്‍ ചക്കരക്കണ്ടിക്കു സമീപം വൈകീട്ട് 5.30ഓടെയാണ് ആക്രമണം നടന്നത്. അസ് ലമിന്‍െറ ഇടത് കൈപ്പത്തി അറ്റുതൂങ്ങി. വയറിന്‍െറ ഭാഗത്തും കഴുത്തിനും ആഴത്തില്‍ മുറിവേറ്റു. ഗുരുതരനിലയിലായ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രകിയക്ക് വിധേയനാക്കിയിരുന്നു. ഇന്നോവ കാറില്‍ പിന്നില്‍ നിന്ന് വന്ന സംഘം ബൈക്കിനെ ഇടിച്ചുവീഴ്ത്തിയ ശേഷമാണ് അക്രമം നടത്തിയത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന അസ് ലമിന്‍െറ സുഹൃത്ത് ഷാഫിയെ ആക്രമിച്ചിട്ടില്ല. കണ്ണൂര്‍ രജിസ്ട്രേഷന്‍ കാറിലത്തെിയത് ക്വട്ടേഷന്‍ സംഘമാണെന്ന് സംശയിക്കുന്നു. ആക്രമണത്തിനുശേഷം സംഘം കാറില്‍ കടന്നുകളഞ്ഞു.

ഷിബിന്‍ വധക്കേസില്‍ മൂന്നാം പ്രതിയായിരുന്ന അസ് ലമിനെ കോഴിക്കോട് സെഷന്‍സ് കോടതിയാണ് രണ്ടു മാസം മുമ്പ് വെറുതെവിട്ടത്. 2015 ജനുവരി 22നാണ് തൂണേരി വെള്ളൂരില്‍ ഷിബിന്‍ വധിക്കപ്പെട്ടത്. കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ വധഭീഷണിയുണ്ടായിരുന്നതായി പറയുന്നു. സോഷ്യല്‍ മീഡിയ വഴിയും മറ്റുമായിരുന്നു ഭീഷണി. അക്രമം നടന്ന പ്രദേശം പൊലീസ് സീല്‍ ചെയ്തു. റൂറല്‍ എസ്.പി വിജയകുമാര്‍, നാദാപുരം എ.എസ്.പി കറുപ്പ സ്വാമി, നാദാപുരം സി.ഐയുടെ ചുമതലയുള്ള കുറ്റ്യാടി സി.ഐ ടി. സജീവന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. നാദാപുരം ഭാഗങ്ങളില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി. അക്രമസംഭവത്തോടെ മേഖലയില്‍ ഭീതിദാവസഥയാണുള്ളത്.