ഷോപ്പിങ് മാളിന്‍റെ ചുമർ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു

08:11 AM 15/05/2016
download
വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിർമാണത്തിലിരുന്ന ഷോപ്പിങ് മാളിന്‍റെ ചുമർ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. ശനിയാഴ്ച അർധരാത്രി വിജയവാഡയിൽ നിന്ന് 35 കിലോമീറ്റർ അകലെ ഗുണ്ടൂരിലെ ലക്ഷ്മിപുരത്താണ് അപകടമുണ്ടായത്.

ഭൂനിരപ്പിൽ നിന്ന് 30 അടി താഴ്ചയിലായിരുന്നു നിർമാണ പ്രവർത്തനങ്ങൾ നടന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം എട്ടു പേരെയും പുറത്തെടുത്തു. എന്നാൽ, ഏഴു തൊഴിലാളികളും മരിച്ചിരുന്നു.

അന്ധ്രാ നിയമസഭാ സ്പീക്കർ കൊഡെല ശിവപ്രസാദ റാവു, എം.എൽ.എമാരായ അൽപാട്ടി രാജേന്ദ്ര പ്രസാദ്, എൻ. ആനന്ദ് ബാബു, ജില്ലാ കലക്ടർ കാന്തിലാൽ ദാൻഡെ എന്നിവർ സംഭവ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ ഉപമുഖ്യമന്ത്രി എൻ. ചിന രാജപ്പയെ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ചുമതലപ്പെടുത്തിയിരുന്നു.