ന്യൂഡല്‍ഹി: സംഝോത എക്സ്പ്രസ് സ്ഫോടന കേസിന്‍െറ വിചാരണക്കിടെ നാലു പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറി. ഹരിയാനയിലെ പഞ്ച്കുള എന്‍.ഐ.എ കോടതിയില്‍ ഹാജരായ നാലുപേരും നേരത്തേ എന്‍.ഐ.എക്ക് നല്‍കിയ മൊഴി മാറ്റി. കൂറുമാറിയ സാക്ഷികളായ കിഷോര്‍ ഭായ് ഗവിത്, സുനില്‍ ഭായ്, പൂല്‍ ചന്ദ്, മന്‍സു ഭായ് എന്നിവര്‍ കേസിലെ പ്രതി സ്വാമി അസിമാനന്ദയുടെ ഗുജറാത്തിലെ ശബരി ദം ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ്. കേസുമായി ബന്ധപ്പെട്ട സാക്ഷികള്‍ നേരത്തേയും കൂറുമാറിയിരുന്നു.
സംഝോത ഉള്‍പ്പെടെ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദുത്വ ഭീകര സംഘം അഭിനവ് ഭാരതുമായി സ്വാമി അസിമാനന്ദക്കുള്ള ബന്ധം അറിയാമെന്നാണ് കിഷോര്‍ ഭായ് ഗവിത് എന്‍.ഐ.എക്ക് നല്‍കിയ മൊഴി. മറ്റ് സ്ഫോടന കേസുകളില്‍ കേണല്‍ പുരോഹിത്, സ്വാമിനി പ്രജ്ഞാസിങ് ഠാകുര്‍ എന്നിവര്‍ പൊലീസ് പിടിയിലായപ്പോള്‍ തന്നെത്തേടി പൊലീസ് വരുമെന്ന ഭീതിയിലായിരുന്നു അസിമാനന്ദയെന്നും ഇക്കാര്യം അസിമാനന്ദ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഇയാളുടെ മൊഴിയിലുണ്ട്.
കേണല്‍ പുരോഹിത്, സ്വാമിനി പ്രജ്ഞാസിങ് ഠാകുര്‍ എന്നിവര്‍ പലകുറി ശബരി ദം ആശ്രമത്തില്‍ വന്നതും അസിമാനന്ദയുമായി സംസാരിച്ചതും കണ്ടിട്ടുണ്ടെന്നാണ് ആശ്രമത്തിലെ അന്തേവാസിയായിരുന്ന സുനില്‍ ഭായ് എന്‍.ഐ.എക്ക് നല്‍കിയ മൊഴി. കേസില്‍ പിടികിട്ടാപ്പുള്ളിയായ സന്ദീപ് ഡാങ്കെ ശബരി ദം ആശ്രമത്തില്‍ വന്നത് കണ്ടിട്ടുണ്ടെന്നാണ് പൂല്‍ചന്ദ്, മന്‍സു ഭായ് എന്നിവരുടെ മൊഴി. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായ നാലുപേരും തങ്ങളുടെ പേരില്‍ എന്‍.ഐ.എ കോടതിയില്‍ നല്‍കിയിരിക്കുന്ന മൊഴി അറിയില്ളെന്നും അങ്ങനെ പറഞ്ഞിട്ടില്ളെന്നും വ്യക്തമാക്കി.
അതേസമയം, ഇവര്‍ക്കൊപ്പം വിസ്തരിച്ച അഞ്ചാമത് സാക്ഷി ജയന്തി ഭായ് മൊഴിയില്‍ ഉറച്ചുനിന്നു. ആശ്രമത്തിനുവേണ്ടി പണപ്പിരിവ് നടത്തിയിരുന്നുവെന്നും അഭിനവ് ഭാരതുമായി അസിമാന്ദയുടെ ബന്ധവും ഭീകരപ്രവര്‍ത്തനങ്ങളും തിരിച്ചറിഞ്ഞതോടെ ആശ്രമവുമായി അകന്നുവെന്നും എന്‍.ഐ.എക്ക് നല്‍കിയ മൊഴി സത്യമാണെന്ന് ഇയാള്‍ കോടതിയെ അറിയിച്ചു. 2007 ഫെബ്രുവരി 18നാണ് ഡല്‍ഹിയില്‍നിന്ന് ലാഹോറിലേക്ക് പുറപ്പെട്ട സംഝോത എക്സ്പ്രസില്‍ സ്ഫോടനമുണ്ടായത്. മരിച്ച 68 പേരില്‍ ഭൂരിപക്ഷവും പാകിസ്താനികളായിരുന്നു.