സംസ്ഥാന സര്‍ക്കാറിനെതിരെ പരോക്ഷവിമര്‍ശനവുമായി ഡോ. ടി.പി. സെന്‍കുമാര്‍.

04:55 am 7/11/2016
images (6)

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരെ പരോക്ഷവിമര്‍ശനവുമായി മുന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാര്‍. ക്രമസമാധാന പാലനത്തില്‍ കേരളത്തിന് ലഭിച്ച ദേശീയ അംഗീകാരം പലര്‍ക്കുമുള്ള ഉത്തരമാണെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയില്‍ ക്രമസമാധാനരംഗത്ത് മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്ത വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചില്ളെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെയാണ് അദ്ദേഹം ലക്ഷ്യമിട്ടത്. 2015-16 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് കേരളത്തിന് ലഭിച്ചത്. ജനങ്ങളില്‍നിന്ന് അകന്നല്ല താന്‍ പ്രവര്‍ത്തിച്ചത്. ജനങ്ങള്‍ക്ക് എല്ലാംഅറിയാം. ഈനേട്ടം മെച്ചപ്പെടുത്തണം. ചില കേസുകളില്‍ തെളിവ് കണ്ടത്തൊനും പ്രതികളെ പിടികൂടാനും സമയംവേണ്ടിവരും. ശാസ്ത്രീയതെളിവുകള്‍ കണ്ടെത്തേണ്ട കേസുകളില്‍ ചിലപ്പോള്‍ കൂടുതല്‍ സമയമെടുക്കും. ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ട് ആര്‍ക്കെതിരെയും ഇറങ്ങിത്തിരിക്കരുത്. ക്രൂശിക്കപ്പെടില്ളെന്ന് ഉറപ്പുണ്ടെങ്കിലേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവൂയെന്നും അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെ സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. പെരുമ്പാവൂര്‍ ജിഷ വധക്കേസിലുള്‍പ്പെടെ വീഴ്ചസംഭവിച്ചെന്നാരോപിച്ചായിരുന്നു അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്തത്. പകരം സംസ്ഥാന പൊലീസ് മേധാവിയായി 1985 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ലോക്നാഥ് ബെഹ്റയെ നിയമിച്ചത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സെന്‍കുമാറിനെ കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സി.എം.ഡി ആയി നിയമിച്ചെങ്കിലും അദ്ദേഹം ചുമതലയേല്‍ക്കാതെ അവധിയില്‍ പോവുകയായിരുന്നു.