സന്തോഷ്‌ മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാട്‌ : വിജിലന്‍സ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ അപൂര്‍ണമെന്നു കോടതി

02:50pm 26/4/2016
download
മൂവാറ്റുപുഴ: വിവാദസ്വാമി സന്തോഷ്‌ മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാടില്‍ സര്‍ക്കാരിന്‌ അനുകൂലമായ വിജിലന്‍സ്‌ ദ്രുതപരിശോധനാ റിപ്പോര്‍ട്ട്‌ അപൂര്‍ണമെന്ന്‌ കോടതി. കൂടുതല്‍ അന്വേഷണം നടത്തി മേയ്‌ രണ്ടിനകം വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ മൂവാറ്റുപുഴ വിജിലന്‍സ്‌ ജഡ്‌ജി പി. മാധവന്‍ അന്വേഷണ ഉദ്യോഗസ്‌ഥന്‌ നിര്‍ദേശം നല്‍കി.
തിരുവനന്തപുരം വിജിലന്‍സ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ യൂണിറ്റ്‌ എസ്‌.പി: പി.കെ. ജയകുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്‌ ഇന്നലെ പരിഗണിക്കവേയായിരുന്നു കോടതിയുടെ ഉത്തരവ്‌.
റിപ്പോര്‍ട്ട്‌ പൂര്‍ണമല്ലെന്നും നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിന്‌ വ്യക്‌തത വരുത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.
റവന്യൂ വകുപ്പിനെ മറികടന്ന്‌ വ്യവസായ വകുപ്പാണ്‌ ഭൂമി കൈമാറുന്നതു സംബന്ധിച്ച ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിച്ചതെന്ന്‌ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്‌. ഏതു സാഹചര്യത്തിലാണ്‌ അജന്‍ഡയില്‍ ഉള്‍പ്പെടുത്താത്ത വിഷയം വ്യവസായ വകുപ്പ്‌ മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചതെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാണിച്ചു.
അജന്‍ഡയില്‍ ഇല്ലാത്ത വിഷയം എങ്ങനെ യോഗത്തിനു മുന്നില്‍ എത്തിയെന്നും റിപ്പോര്‍ട്ടിലില്ല. സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി അംഗീകരിക്കാത്ത ഒരു കാര്യം സര്‍ക്കാരിന്‌ എങ്ങനെ സ്വയം അംഗീകരിക്കാന്‍ കഴിഞ്ഞുവെന്ന്‌ കോടതി ചോദിച്ചു. ഉന്നതതല ഗൂഡാലോചനയെകുറിച്ച്‌ റിപ്പോര്‍ട്ട്‌ മൗനം പാലിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും അന്വേഷണ ഉദ്യോഗസ്‌ഥന്‌ കോടതി നിര്‍ദേശം നല്‍കി. വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട്‌ പരിശോധിക്കുമ്പോള്‍ മന്ത്രിസഭയിലുള്ള ഒരാള്‍ക്കുകൂടി പങ്കുണ്ടോയെന്ന്‌ സംശയിക്കേണ്ടിവരുമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ പുത്തന്‍വേലിക്കര വില്ലേജിലെ 95.44 ഏക്കര്‍ നിലവും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്ക്‌ മഠത്തുംപടി വില്ലേജിലെ 32.41 ഏക്കര്‍ നിലവും സ്വകാര്യ ട്രസ്‌റ്റിന്‌ കൈമാറികൊണ്ട്‌ സംസ്‌ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ അഴിമതി നടന്നിട്ടുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ജി. ഗിരീഷ്‌ ബാബുവാണ്‌ കോടതിയെ സമീപിച്ചത്‌. മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി ഉത്തരവിനെത്തുടര്‍ന്ന്‌ വിജിലന്‍സ്‌ അന്വേഷണ നടത്തുകയും റിപ്പോര്‍ട്ട്‌ കഴിഞ്ഞ 22ന്‌ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്‌തു.
റവന്യൂമന്ത്രി അടൂര്‍ പ്രകാശിനെതിരേ കേസ്‌ എടുക്കേണ്ട ആവശ്യമില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിരുന്നു. ഭൂമി കൈമാറ്റത്തിനെതിരേ കേസെടുക്കാന്‍ തെളിവില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 1600 കോടിയുടെ ഐ.ടി. പ്രോജക്‌ടായി വ്യവസായ മന്ത്രിയാണ്‌ മന്ത്രിസഭായോഗത്തില്‍ ഔട്ട്‌ ഓഫ്‌അജന്‍ഡയായി പദ്ധതി കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിരുന്നു.
കേസ്‌ സംബന്ധിച്ച്‌ മേയ്‌ രണ്ടിന്‌ കോടതി കൂടുതല്‍ വാദം കേള്‍ക്കും. വിജിലന്‍സ്‌ സംഘത്തിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ ഹര്‍ജിക്കാര്‍ക്ക്‌ നല്‍കുന്നതിനും കോടതി ഉത്തരവിട്ടു