10.16 PM 10/01/2017
കോഴിക്കോട്: തമിഴ്നാടിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു തോൽപ്പിച്ചു നിലവിലെ ചാമ്പ്യൻമാരായ സർവീസസ് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ കടന്നു. അർജുൻ ടുഡു, മലയാളിതാരം ബ്രിട്ടോ എന്നിവരുടെ ഗോളാണ് സർവീസസിന് ജയം ഒരുക്കിയത്. തമിഴ്നാടിന്റെ ആശ്വാസ ഗോൾ ജോക്സൺദാസിന്റെ ബൂട്ടിൽനിന്നായിരുന്നു. ആദ്യ പകുതിയിൽ ലീഡെടുത്ത തമിഴ്നാടിനെ രണ്ടാ പകുതിയിലെ ഇരട്ടഗോളിലാണ് സർവീസസ് വീഴ്ത്തിയത്. 32–ാം മിനിറ്റിലായിരുന്നു തമിഴ്നാട് സർവീസസ് പോസ്റ്റിൽ പന്തെത്തിച്ചത്. സർവീസസ് ബോക്സിനു സമീപത്തുനിന്നു ലഭിച്ച പന്ത് ജോക്സൺദാസ് നീട്ടിയടിക്കുകയായിരുന്നു. ഗോളി ഭാസ്കർ റോയിയെ മറികടന്നു പന്തു പോസ്റ്റിന്റെ ഇടതുമൂലയിൽ കയറി.
ആദ്യ പകുതി തമിഴ്നാടിന്റേതായിരുന്നെങ്കിൽ രണ്ടാം പകുതിയിൽ കളിമാറി. സർവീസസ് ആക്രമണത്തിനു മൂർച്ച വർധിപ്പിച്ചു. അതിനുള്ള പ്രതിഫലം ടുഡുവിലൂടെ ലഭിച്ചു. തമിഴ്നാടിന്റെ ബോക്സിനു പുറത്തു പന്തു ലഭിച്ച അർജുൻ ടുഡു ഒരു കനത്ത ഷോട്ടിൽ തമിഴ് വലകുലുക്കി. സമനില നേടിയതോടെ സർവീസസിന്റെ ഊർജം കൂടി. ബ്രിട്ടോയുടെയും അർജുൻ ടുഡുവിന്റെയും മുന്നേറ്റം തടയാൻ തമിഴ്നാട് പ്രതിരോധം പാടുപെട്ടു. 71–ാം മിനിറ്റിൽ സർവീസസിനനുകൂലമായി പെനാൽറ്റി ലഭിച്ചു. ബോക്സിൽ അർജുൻ ടുഡുവിനെ ഡിഫൻഡർ എസ്. ഷിനുവീഴ്ത്തിയതിനായിരുന്നു ശിക്ഷ. ഷിനുവിനു മഞ്ഞക്കാർഡും ലഭിച്ചു. കിക്കെടുത്ത സർവീസസിന്റെ മലയാളിതാരം ബ്രിട്ടോയ്ക്കു പിഴച്ചില്ല. (2–1).
കേരളം, സർവീസസ് എന്നിവയ്ക്കു പുറമെ മറ്റു മേഖലകളിൽനിന്നു പഞ്ചാബ്, ജാർഖണ്ഡ്, ബംഗാൾ, റെയിൽവേ, ഗോവ, മഹാരാഷ്ര്ട, മിസോറം, മേഘാലയ എന്നി ടീമുകളും ഫൈനൽ റൗണ്ടിലെത്തി.