സരിതയുടെ അറസ്റ്റും അന്വേഷണവും ചട്ടങ്ങള്‍ പാലിച്ചല്ലെന്ന് മുന്‍ ഡി.ജി.പി

11:06 AM 21/10/2016
saritha-nair1
കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായരുടെ അറസ്റ്റും ആദ്യ പരാതി സംബന്ധിച്ച അന്വേഷണവും ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ചല്ളെന്ന് മുന്‍ ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം. മജിസ്ട്രേറ്റിന്‍െറ അനുമതിയില്ലാതെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്, 45 ലക്ഷത്തിന്‍െറ തട്ടിപ്പുകേസ് എസ്.ഐതലത്തിലെ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ചത്, പ്രത്യേക അന്വേഷണസംഘത്തിന്‍െറ രൂപവത്കരണം എന്നിവയിലാണ് പാകപ്പിഴ സംഭവിച്ചതെന്ന് സോളാര്‍ അന്വേഷണ കമീഷന്‍ മുമ്പാകെ മുന്‍ ഡി.ജി.പി മൊഴി നല്‍കി.

പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത് തന്‍െറ നിര്‍ദേശപ്രകാരമായിരുന്നു. എന്നാല്‍, സര്‍ക്കാറാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞത്. ഇത് രൂപവത്കരിക്കാന്‍ പൊലീസിനല്ല, സര്‍ക്കാറിനേ അധികാരമുള്ളൂവെന്ന് സോളാര്‍ വിവാദം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ അഭിപ്രായപ്പെടുകയും ചെയ്തു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കുന്നതിന് എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍െറ നേതൃത്വത്തിലാണ് പ്രത്യേകസംഘം രൂപവത്കരിച്ചത്. സോളാര്‍ തട്ടിപ്പിനെപ്പറ്റി മാധ്യമങ്ങളില്‍ വാര്‍ത്ത വ്യാപകമായതോടെയാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയത്.
വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം ഏകോപിപ്പിക്കാനും ഹേമചന്ദ്രനെ ചുമതലപ്പെടുത്തി. സരിത, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരായ മുന്‍ കേസുകളും ഇവരുടെ പശ്ചാത്തലവും സംബന്ധിച്ച് തനിക്ക് ആദ്യം അറിയില്ലായിരുന്നു. സരിതയുടെ അറസ്റ്റ് പൂര്‍ണമായും നിയമം പാലിച്ചായിരുന്നില്ല. 2013 ജൂണ്‍ ആറിന് പുലര്‍ച്ചെ നാലിന് സരിതയെ ഇടപ്പഴഞ്ഞിയിലെ വീട്ടില്‍നിന്നാണ് പെരുമ്പാവൂര്‍ എസ്.ഐ അറസ്റ്റ്ചെയ്തത്. എന്നാല്‍, സൂര്യോദയത്തിനുമുമ്പ് സ്ത്രീകളെ അറസ്റ്റ്ചെയ്യണമെങ്കില്‍ മജിസ്ട്രേറ്റിന്‍െറ അനുമതി വേണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത്തരം അനുമതി സമ്പാദിച്ചിരുന്നില്ല. അറസ്റ്റ്ചെയ്ത കാര്യം തന്നെ അറിയിച്ചിരുന്നില്ല.

ഏറെ വിവാദമായ കേസിലെ അറസ്റ്റ് ഡി.ജി.പി അറിഞ്ഞില്ളേ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ ഡി.ജി.പിയെ അറിയിക്കല്‍ സാഹചര്യത്തിന് അനുസരിച്ചിരിക്കും എന്നായിരുന്നു പ്രതികരണം. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് 45 ലക്ഷം രൂപ നല്‍കിയ താന്‍ വഞ്ചിതനായി എന്ന പെരുമ്പാവൂര്‍ സ്വദേശി സജ്ജാദിന്‍െറ പരാതിയാണ് ഈ വിവാദത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ്. ആലുവ റൂറല്‍ എസ്.പി സതീഷ് ധവാനാണ് ഇദ്ദേഹം പരാതി നല്‍കിയത്. പരാതിയില്‍ അന്നത്തെ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നിവരുടെ പേരുകളും പരാമര്‍ശിച്ചിരുന്നു. എന്നാല്‍, റൂറല്‍ എസ്.പി ഈ കേസ് നാര്‍കോട്ടിക് ഡിവൈ.എസ്.പിക്ക് കൈമാറുമ്പോള്‍ മുഖ്യമന്ത്രിയുടെയും മറ്റും പേരുകള്‍ ഒഴിവാക്കിയിരുന്നു. ഡിവൈ.എസ്.പി അന്വേഷണച്ചുമതല പെരുമ്പാവൂര്‍ എസ്.ഐക്ക് കൈമാറി. വന്‍തുക നഷ്ടപ്പെട്ടെന്ന പരാതി എസ്.ഐയേക്കാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് അന്വേഷിക്കേണ്ടിയിരുന്നതെന്നും മുന്‍ ഡി.ജി.പി സമ്മതിച്ചു.