സഹകരണ ഹര്‍ത്താല്‍ പൂര്‍ണം; മോദിക്കെതിരെ ആഞ്ഞടിച്ച്‌ വിഎസ്

03:55 pm 16/11/2016

download (2)

തിരുവനന്തപുരം: അസാധുവായ നോട്ടുകള്‍ ശേഖരിക്കാനുള്ള ഇളവ് പിന്‍വലിച്ച ആര്‍ബിഐ നടപടിക്കെതിരെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംയുക്ത യൂണിയന്റെ ഹര്‍ത്താല്‍ പൂര്‍ണ്ണം. സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.

തിരുവനന്തപുരത്ത് ആര്‍ബിഐ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച്‌ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സ്വന്തം അമ്മയുടെ കയ്യിലും ചാപ്പ കുത്തിച്ച പ്രധാനമന്ത്രി പാവങ്ങളുടെ പ്രശ്നങ്ങള്‍ കാണുന്നില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ വിമര്‍ശിച്ചു.
അതിനിടെ കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ബാങ്കുകളുടെ അവകാശം നല്‍കാനുള്ള ശുപാര്‍ശ ധനമന്ത്രാലയത്തിന് നല്‍കുമെന്ന് കേന്ദ്രമന്ത്രി രാധാമോഹന്‍ സിംഗ് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ക്ക് ഉറപ്പ് നല്‍കി.സഹകരണമേഖലയിലെ പ്രതിസന്ധി എംപിമാര്‍ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.
അസാധുവായ നോട്ടുകള്‍ മാറാനുള്ള ഇളവ് പുന:സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാറും ആര്‍ബിഐയും ഇതുവരെ അനുകൂല നിലപാട് എടുത്തില്ല. ഇളവ് കിട്ടിയ കാലത്ത് പ്രാഥമിക സഹകരണ സംഘങ്ങള്‍ ശേഖരിച്ച 3000 കോടി എന്തുചെയ്യണമെന്ന നിര്‍ദ്ദേശവും ആര്‍ബിഐ നല്‍കാത്തതിനാല്‍ സഹകരണ ബാങ്കുകള്‍ കടുത്ത പ്രതിസന്ധിയിലായി.
സഹകരണ പ്രതിസന്ധിയില്‍ യുഡിഎഫും എല്‍ഡിഎഫും കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കുമ്ബോള്‍ ബിജെപി ആര്‍ബിഐ നടപടിയെ പിന്തുണക്കുന്നു. കേരളത്തിലെ സഹകരണസംഘങ്ങള്‍ വഴി കള്ളപ്പണം വെളുപ്പിക്കാന്‍ സിപിഐഎം അനുവാദം നല്‍കിയെന്നാണ് ബിജെപി ആരോപണം സഹകരണമേഖലയിലെ കള്ളപ്പണത്തെ കുറിച്ച്‌ പറയുമ്ബോള്‍ സിപിഎം നേതാക്കള്‍ വിറളിപ്പിടിക്കാനുള്ള കാരണം ഇതാണെന്നും ബിജെപി കുറ്റപ്പെടുത്തി.