സഹാറൻപൂർ ജില്ലയിൽ വീണ്ടും ജാതി സംഘർഷം.

10:56 am 24/5/2017

ലക്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിൽ വീണ്ടും ജാതി സംഘർഷം. ദലിത് വിഭാഗത്തിൽ നിന്നുള്ളയാൾ സംഘർഷത്തിനിടെ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാലു മുതിർന്ന ഉദ്യോഗസ്ഥരടക്കം കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയാണ്. അഞ്ച് കമ്പനി പൊലീസ് സേനയെ പ്രദേശത്ത് വിന്യസിക്കുകയും 30 പേരെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.ശബിർപൂരിൽ മുൻ മുഖ്യമന്ത്രിയും ബഹുജൻ സമാജ് പാർട്ടി നേതാവുമായ മായാവതിയുടെ റാലിക്ക് ശേഷം രജ്പുത് വീടുകൾക്ക് നേരെ ദലിതുകൾ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് തുടക്കമിട്ടതെന്നാണ് ആരോപണം. ഇത് പിന്നീട് പൊലീസ് ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. പിന്നീട് റാലി കഴിഞ്ഞ് ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന ദലിത് വിഭാഗക്കാർ സഞ്ചരിച്ച ട്രക്കിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. പ്രദേശത്തെ താക്കൂറുകളാണ് ആക്രമണത്തിന് പിന്നിൽ.