സാംബിയൻ പോലീസ് ജാഗ്രതൈ: വിദേശികളെ വിവാഹം കഴിക്കരുത്

11.07 AM 24/01/2017
sambipolice_02301017

ലസാക്ക: വിദേശികളെ വിവാഹം കഴിക്കരുതെന്ന് സാംബിയൻ പോലീസിനു നിർദേശം. പോലീസ് മേധാവി കക്കോമ കൻഗൻജ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിനോടകം വിദേശികളായവരെ വിവാഹം കഴിച്ചവർ ഈ വിവരം വ്യക്തമാക്കണമെന്നും ജനുവരി പതിനൊന്നിനു പുറത്തിറങ്ങിയ മെമ്മോയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിർദേശം പാലിക്കാത്തവർക്കെതിരെ അച്ചടക്ക ലംഘനത്തിനു കേസെടുക്കുമെന്നും മെമ്മോയിൽ പറയുന്നുണ്ട്.

രാജ്യസുരക്ഷയെ മുൻനിർത്തിയാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിശദീകരണം. മറ്റ് രാജ്യങ്ങളിൽ നിന്ന് വിവാഹം കഴിച്ച് സാംബിയയിലേക്ക് എത്തുന്നവർ രാജ്യസുരക്ഷക്ക് ഭീഷണിയാകുന്നുണ്ട് എന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് കർശന നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിയമം പുതിയതല്ലെന്നും ഇത് നേരത്തെ നിലവിലുണ്ടായിരുന്നതാണെന്നും ഉന്നത പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ചില ഉദ്യോഗസ്ഥർ ഈ നിർദേശം ലംഘിക്കുന്നതായും വിദേശങ്ങളൽ നിന്ന് വിവാഹം കഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിച്ചതിനാലുമാണ് ഒരിക്കൽകൂടി കർശന നിർദേശം നൽകുന്നതെന്നുമാണ് പോലീസ് തലപ്പത്തു നിന്നുള്ള റിപ്പോർട്ടുകൾ.