സാന്റിയാഗോ: ചിലിയിലെ സാന്റിയാഗോയിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ മൂന്നു പേർ മരിച്ചു. ഏഴു പേരെ കാണാതായി. കനത്ത മഴയെ തുടർന്നു നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. പ്രദേശത്തെ റോഡ് ഗതാഗതവും ജലവിതരണവും തടസപ്പെട്ടിരിക്കുകയാണ്. 3,000 ൽ അധികം അളുകളെയാണ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിപാർപ്പിച്ചിരിക്കുന്നത്.
സാന്റിയാഗോയിൽ 15 ലക്ഷത്തോളം വീടുകളിലേക്കുള്ള ജലവിതരണമാണ് തടസപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജലവിതരണം പുനരാരംഭിക്കുവാനുള്ള പരിശ്രമത്തിലാണ് ദുരന്തനിവാരണ സേനയെന്നു പ്രസിഡന്റ് മിഷേൽ ബാഷ്ലെ പറഞ്ഞു.