സിഐടിയു എറണാകുളം ജില്ലാപ്രസിഡന്റ് കെ എന്‍ ഗോപിനാഥിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം.

05:48 pm 8/11/2016

K-N-Gopinath

കൊച്ചി:സിഐടിയു എറണാകുളം ജില്ലാപ്രസിഡന്റ് കെ എന്‍ ഗോപിനാഥിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. കഴുത്തിനുപിന്നില്‍ മുറിവേറ്റ ഗോപിനാഥിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിലെ ഞരമ്പ് അറ്റുപോയതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലേക്ക് മാറ്റി. അപകടനിലതരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അക്രമി വടകര സ്വദേശി ഉണ്ണിക്കൃഷ്ണനെ (45) പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനു കേസെടുത്തു. കുത്താനുണ്ടായ പ്രകോപനം വ്യക്തമായിട്ടില്ല. പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ചൊവ്വാഴ്ച പകല്‍ 12 ഓടെയാണ് സംഭവം. പാലാരിവട്ടത്ത് യൂബര്‍ ടാക്‌സി ഓഫീസിലേക്ക് ഓട്ടോ-ടാക്‌സിത്തൊഴിലാളികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനംചെയ്തശേഷം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ എ അലി അക്ബറിനൊപ്പംനടന്നുവരികയായിരുന്ന ഗോപിനാഥിനെ പിന്നില്‍നിന്നെത്തിയ അക്രമി കുത്തുകയായിരുന്നു. കഴുത്തിനുപിന്നില്‍ കുത്തിയശേഷം വീണ്ടും കുത്താനൊരുങ്ങിയെങ്കിലും തിരിഞ്ഞ് തടഞ്ഞതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഓട്ടോത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച ഗോപിനാഥിനെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. ഞരമ്പിനു മുറിവേറ്റതിനാല്‍ ഏറെ രക്തം നഷ്ടപ്പെട്ടത് ആരോഗ്യനില വഷളാക്കി. ഒരുമാസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഉണ്ണിക്കൃഷ്ണന്‍ വടകര സ്വദേശിയാണ്. ഒന്നരവര്‍ഷമായി കലൂര്‍ പോണേക്കരയില്‍ വാടകവീട്ടിലാണ് താമസം. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തില്‍ മുമ്പ് സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന ഇയാള്‍ ജനതാദള്‍ അനുഭാവിയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകരയില്‍ സിപിഐ എം പ്രവര്‍ത്തകരുമായി ഇയാള്‍ വാക്കേറ്റമുണ്ടാക്കിയിരുന്നു. കടുത്ത സിപിഐ എം വിരോധിയാണ് ഇയാള്‍.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി പി രാജീവ്, സിപിഐ ജില്ലാ സെക്രട്ടറി പി രാജു,എഐടിയുസി ജില്ലാ സെക്രട്ടറി കെ എന്‍ ഗോപി ,സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രന്‍പിള്ള, എം എം ലോറന്‍സ്, സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കര്‍ തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലെത്തി. ഡിസിപി അരുള്‍ ആര്‍ ബി കൃഷ്ണ, എസിപി കെ ലാല്‍ജി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും ആശുപത്രിയിലെത്തി.