സിനിമസീരിയല്‍ നടന്‍ ജി.കെ. പിള്ള അന്തരിച്ചു

kol56-Kollam-G.K.-
31/1/2016

കൊല്ലം: ചവറ ശങ്കരമംഗലം മേക്കാട് മിന്നാംതോട്ടില്‍ ക്ഷേത്രത്തിനുസമീപം നികുഞ്ജത്തില്‍ ജി. കൃഷ്ണപിള്ള എന്ന കൊല്ലം ജി.കെ. പിള്ള (80) അന്തരിച്ചു. കൊല്ലം അമ്മച്ചിവീട് രാധാഭവനത്തില്‍ കെ.പി. ഗോപാലപിള്ളയുടെയും കുഞ്ഞിയമ്മയുടെയും മകനാണ്. കാഴ്ചക്കുറവ് മൂലം അഞ്ചുവര്‍ഷമായി അഭിനയരംഗത്തുനിന്ന് വിട്ടുനിന്ന ഇദ്ദേഹത്തിന്റെ അന്ത്യം മകള്‍ ഉഷാകുമാരിയുടെ ഓയൂരിലെ വീട്ടില്‍ ശനിയാഴ്ച രാത്രി 9.15 ഓടെയായിരുന്നു.

1962ല്‍ കൊല്ലം യൂനിവേഴ്‌സല്‍ തിയറ്റേഴ്‌സിന്റെ ‘ദാഹജലം’ നാടകത്തിലൂടെ അഭിനയരംഗത്ത് സജീവമായി. കെ.എസ്.ആര്‍.ടി.സിയില്‍ ഉദ്യോഗസ്ഥനായതിനാല്‍ അഭിനയം കൊല്ലത്തെ വിവിധ തിയറ്ററുകളിലായിരുന്നു. എ.എന്‍. തമ്പി സംവിധാനം ചെയ്ത ‘മാസപ്പടി മാതുപിള്ള’യിലൂടെയാണ് ചലച്ചിത്രലോകത്തത്തെിയത്.

തുടര്‍ന്ന് മുച്ചീട്ടുകളിക്കാരന്റെ മകള്‍, പുഷ്പശരം, മുക്കുവനെ സ്‌നേഹിച്ച ഭൂതം, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, സൂര്യന്‍, ഇത്തിക്കരപക്കി, അറബിക്കടലോരം തുടങ്ങി എണ്‍പതോളം സിനിമകളില്‍ അഭിനയിച്ചു. മിക്കവയിലും ഹാസ്യവേഷങ്ങളായിരുന്നു കൈകാര്യം ചെയ്തത്.

നീതിപീഠം, രാജദൂത്, ആയിരം അരക്കില്ലം, ആക്‌സിഡന്റ് തുടങ്ങിയ നാടകങ്ങളിലായി നാലായിരത്തിലേറെ വേദികളില്‍ അഭിനയപാടവം കാഴ്ചവെച്ചു. നിരവധി ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടു. 1976ല്‍ പുറത്തിറങ്ങിയ ‘പുഷ്പശരം’ സിനിമയിലെ ‘കൊത്തിക്കൊത്തി മൊറത്തില്‍ കേറി കൊത്താതെടാ…’ എന്ന ഹാസ്യഗാനം പാടി.

ഭാര്യ: മാധവിക്കുട്ടിയമ്മ. മക്കള്‍: ജയശ്രീ, ഉഷാകുമാരി, വിജയശ്രീ, ബിന്ദുശ്രീ. മരുമക്കള്‍: ബാലചന്ദ്രബാബു, രാധാകൃഷ്ണന്‍, വിജയന്‍, ജയപ്രകാശ്. സംസ്‌കാരം ഞായറാഴ്ച രാത്രി എട്ടിന് മുളങ്കാടകം പൊതുശ്മശാനത്തില്‍.