സിപിഎം ഒറ്റയാള്‍ ഭരണം നടത്തുന്നുവെന്നു സിപിഐ

10.34 PM 18-10-2016
cpi-mortars-logo
സംസ്ഥാനത്തു സിപിഎം ഒറ്റയാള്‍ ഭരണം നടത്തുന്നുവെന്നു സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭരണത്തില്‍ സിപിഐക്ക് അര്‍ഹമായ പങ്കാളിത്തം ലഭിക്കുന്നില്ല. അതേസമയം, ഭരണത്തില്‍ നോക്കുകുത്തികളായി മാറുമ്പോഴും ഇതു സംബന്ധിച്ചു പ്രതികരിക്കാന്‍ സിപിഐയുടെ മന്ത്രിമാര്‍ക്കു കഴിയുന്നില്ലെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി. ഭരണത്തില്‍ വേണ്ട രീതിയില്‍ ഇടപെടുന്നതില്‍ സിപിഐ മന്ത്രിമാര്‍ വീഴ്ച വരുത്തുന്നു.
ഇന്നലെ ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ എല്ലാ പ്രസംഗകരും സിപിഐമ്മിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ബന്ധു നിയമന വിവാദത്തിലും സിപിഐ സിപിഎം നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി. മുന്‍ മന്ത്രി ഇ.പി.ജയരാജന്റെ നിയമസഭയിലെ പ്രസംഗം ബന്ധു നിയമന വിവാദം കൂടുതല്‍ വഷളാക്കി. നിയമസഭ പ്രസംഗം അനവസരത്തിലുള്ളതായിരുന്നു. ഇതു പ്രതിപക്ഷത്തിനു ഭരണപക്ഷത്തെ അടിക്കാന്‍ വടി നല്‍കുന്നതിനും ഇടയാക്കി.
ഗോഡ്ഫാദര്‍ പരാമര്‍ശത്തിന്റെ പേരില്‍ ഇ.എസ്.ബിജിമോള്‍ക്കെതിരെ നടപടി എടുക്കാനുള്ള സിപിഐ എക്‌സിക്യൂട്ടീവ് നിര്‍ദേശം അജന്‍ഡയായി ഉള്‍പ്പെടുത്തി. ഇന്നു തുടരുന്ന കൗണ്‍സില്‍ യോഗം ഈ വിഷയം ചര്‍ച്ച ചെയ്യും. അതോടൊപ്പം സ്വാശ്രയ കരാര്‍ പ്രശ്‌നവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് അറിവ്. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നു കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അക്രമവും അതുവഴിയുള്ള അരക്ഷിതത്വവും മുതലെടുക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമം തടയണം.
അക്രമത്തെ അക്രമം കൊണ്ട് നേരിടാമെന്നുള്ള ചിന്ത മൗഢ്യമാണെന്ന് സിപിഎമ്മിനെ പരോക്ഷമായി പ്രമേയം കുറ്റപ്പെടുത്തുന്നുണ്ട്. ജനങ്ങള്‍ക്കു സുരക്ഷിതത്വം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ കെ.ഇ. ഇസ്മായില്‍, ബിനോയ് വിശ്വം, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ സത്യന്‍ മൊകേരി, പ്രകാശ് ബാബു എന്നിവര്‍ പ്രസംഗിച്ചു.