സിറിയയില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം; 46 പേര്‍ മരിച്ചു

11:20 am 5/12/2016
download (6)

ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ വീണ്ടും രക്തച്ചൊരിച്ചില്‍. ഇദ്‍ലിബില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 46 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അലോപ്പയില്‍ സിറിയന്‍ സൈന്യവും വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുകയാണ്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്ന് അലപ്പോ മോചിപ്പിക്കാനുള്ള സിറിയന്‍ സൈന്യത്തിന്റെ പോരാട്ടം അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.

റഷ്യന്‍ പിന്തുണയോടെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ബാഷര്‍ അല്‍ അസദിന്റെ സൈന്യം. എന്നാല്‍ കൂടുതല്‍ നാശം സൃഷ്ടിക്കുന്നത് റഷ്യയാണ്. ഇദ്‍ലിബില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 46 പേരാണ് മരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. മൂന്ന് കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്.
അതേസമയം കിഴക്കന്‍ അലപ്പോയില്‍ സിറിയന്‍ സൈന്യവും വിമതരുമായുള്ള പോരാട്ടം ശക്തമായി. അലപ്പോയുടെ പകുതിയിലധികം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് സിറിയന്‍ സൈന്യം അവകാശപ്പെട്ടു. സാധാരണക്കാരെ വിമതര്‍ മറയാക്കി യുദ്ധം ചെയ്യുന്നുവെന്നും ഇതിനാലാണ് അവര്‍ കൊല്ലപ്പെടുന്നതെന്നും സിറിയന്‍ സൈനിക മേധാവി സമീര്‍ സുലൈമാന്‍ ആരോപിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ ആക്രമണങ്ങളില്‍ 300ലധികം പേര്‍ പേരാണ് അലപ്പോയില്‍ മരിച്ച്‌ വീണത്. ഇതില്‍ 32 കുട്ടികളും ഉള്‍പ്പെടുന്നു.