സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

07:36 pm 25/9/2016
download

കോഴിക്കോട്: സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി ദേശീയ കൗൺസിലിൽ സംസാരിക്ക​വെയാണ് മോദി അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചത്. ഭിന്നാഭിപ്രായമുള്ളവരെ ആക്രമിക്കുന്നത് ജനാധിപത്യ രീതിയല്ല. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങൾ രാജ്യം ചർച്ച ചെയ്യണം. ഇവിടത്തെ മനുഷ്യാവകാശ ലംഘനങ്ങൾ ദേശീയ മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംകളടക്കം എല്ലാ വിഭാഗങ്ങളെയും സ്വന്തമായി കാണുന്നതാണ് ബി.ജെ.പി നയം. എന്നാൽ പാർട്ടിയെ തെറ്റിദ്ധരിപ്പിക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നുണ്ട്. മുസ്‌ലിംകളെ തിരസ്കരിക്കുകയല്ല. അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് വേണ്ടത്. മതനിരപേക്ഷതക്ക് വികൃതമായ അർഥമാണ് പലരും നൽകുന്നത്. ചിലരുടെ പ്രവർത്തനങ്ങൾ മൂലം മുഖം നഷ്ടമായ രാഷ്ട്രീയക്കാർ തങ്ങളുടെ സമീപനം മാറ്റിയെടുക്കാൻ ശ്രമിക്കണമെന്നും മോദി വ്യക്തമാക്കി.

ബി.ജെ.പി പുത്തൻ ദിശയിലാണ് ശതാബ്ദി വർഷത്തിലെ ഭരണം നടത്തുന്നത്. സമഗ്രമായ ജനക്ഷേമമാണ് ലക്ഷ്യം. ജനസംഘത്തിൽനിന്നു മാറിയെങ്കിലും ലക്ഷ്യത്തിൽനിന്നു വ്യതിചലിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിനുശേഷം രാഷ്ട്രീയ മൂല്യങ്ങളിലുണ്ടായ ചോർച്ച ജനാധിപത്യത്തിന് ഭീഷണിയാണെന്നും മോദി പറഞ്ഞു.