സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന് കൊടിയേറി

11:30am 30/6/2016

ബീന വള്ളിക്കളം
Newsimg1_84929451
ഷിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ത്തോമാ ശ്ശീഹായുടെ തിരുനാളിനു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കൊടിയേറി. ജൂണ്‍ 26-നു ഞായറാഴ്ച 11 മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിക്കുശേഷം ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ കൊടിയേറ്റി. ഫാ. ടോം തോമസ് പന്നലക്കുന്നേല്‍ എം.എസ്.എഫ്.എസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഇടവക വികാരിയോടൊപ്പം, അസി. വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടം, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, മുന്‍ വികാരി ഫാ. മാത്യു പന്തലാനിക്കല്‍, ഫാ. സുനോജ് തോമസ് കുളത്തിങ്കല്‍, ഫാ. ബെഞ്ചമിന്‍ ചിറയത്ത് എന്നീ വൈദീകരും പങ്കുചേര്‍ന്നു.

ഇടവകയിലെ യുവജനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ഈ തിരുനാളിന്റെ ആരംഭത്തില്‍ അവര്‍ക്കായി ഫാ. ടോം നല്‍കിയ വചനസന്ദേശം അത്യധികം അവസരോചിതവും, ചിന്തോദ്ദീപകവുമായിരുന്നു. വിശ്വാസത്തെ മുറുകെപ്പിടിക്കുവാനും, വിശ്വാസം പകര്‍ന്നുനല്‍കിയ സഭയോട് ചേര്‍ന്നു നില്‍ക്കുവാനും അച്ചന്‍ ഏവരേയും ഉദ്‌ബോധിപ്പിച്ചു. “ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക’ എന്ന ദൗത്യം മനസ്സിലേറ്റി ഭാരതമണ്ണിലെത്തി, വചനം പകര്‍ന്ന് രക്തസാക്ഷിത്വം വരിച്ച തോമാശ്ശീഹായുടെ വിശ്വാസദര്‍ഢ്യം പിന്തുടര്‍ന്ന് ഏവരും യഥാര്‍ത്ഥ ക്രിസ്തീയ മാതൃകകളാകണമെന്നതാണ് സഭയുടെ ആഗ്രഹമെന്നും അച്ചന്‍ പറഞ്ഞു.

തുടര്‍ന്ന് ആഘോഷമായി വാദ്യമേളങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ കൊടിമരത്തിനരികിലേക്ക് വിശ്വാസികള്‍ പ്രദക്ഷിണമായി നീങ്ങി. പ്രാര്‍ത്ഥനകള്‍ക്കുശേഷം ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ കൊടിയേറ്റി തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഫാ. ഡേവീസ് ചിറമേലും, ഫാ. ബെഞ്ചമിന്‍ ചിന്നപ്പയും, മറ്റു വൈദീകരും കൊടിയേറ്റ് കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.

എല്ലാ വിശ്വാസികളേയും തിരുനാള്‍ തിരുകര്‍മ്മങ്ങളിലേക്ക് ക്ഷണിക്കുന്നതായി ഇടവക വികാരിയും, പ്രസുദേന്തിമാരും അറിയിച്ചു.