സുകൃത സുഗന്ധമുള്ളവരായി ജീവിക്കുക: സണ്ണി സ്റ്റീഫന്‍

09:33 am 13/4/2017

– കെ.ജെ.ജോണ്‍

ന്യൂമില്‍ട്ടന്‍: വേള്‍ഡ് പീസ് മിഷന്‍ ടീം മാര്‍ച്ചുമാസം ആരംഭം മുതല്‍ യുകെയില്‍ വിവിധ സ്ഥലങ്ങളിലായി നടത്തിവന്ന നോമ്പുകാല ധ്യാനങ്ങള്‍ പൂര്‍ത്തിയായി. വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ ശ്രീ സണ്ണി സ്റ്റീഫന്‍ സമാധാനജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ച് ആഴമേറിയ സന്ദേശം നല്‍കി.

“”ഈ ഭൂമിയേയും ഈ ഭൂമിയിലെ എല്ലാ മനുഷ്യരെയും താരതമ്യങ്ങളോ, വേര്‍തിരിവുകളോ, വിധിവാചകങ്ങളോ ഇല്ലാതെ കരം കൂപ്പിയും കൃതജ്ഞതയോടെയും സ്വീകരിക്കുവാനും ആദരിക്കുവാനും നാം പഠിക്കണം. ഭാഷയുടെയോ ദേശത്തിന്‍റെയോ മതത്തിന്‍റെയോ ഒരു അതിര്‍വരമ്പും ദൈവത്തിന്‍റെതല്ല എന്ന തിരിച്ചറിവോടെ ജീവിക്കുവാനും പ്രഘോഷിക്കുവാനും, ഭൂമിയുടെ സൗന്ദര്യം കൂടിയിരിക്കുന്നത് അതിന്‍റെ വൈവിദ്ധ്യങ്ങളിലാണെന്ന ആഴം ഗ്രഹിക്കുവാനും, ഭൂതലത്തിനു മീതെയുള്ള ഒരു വംശവും നശിച്ചുകൂടായെന്ന ദൈവനിശ്ചയത്തെ ചിലര്‍ കൂടിചേര്‍ന്നു തോല്‍പ്പിക്കുന്നത് ഇല്ലാതാക്കുവാനും, അവരെക്കൂടെ മനസ്സുതുറന്ന് ചേര്‍ത്തുപിടിക്കുവാനും നമുക്ക് കഴിയണം.
ഓരോരുത്തരും ഓരോ വിശ്വാസത്തിന്‍റെയും ആചാരത്തിന്‍റെയും ഭാഗമായി നില്‍ക്കുമ്പോള്‍ തന്നെ, ഇതര ദേശങ്ങളുടെയും സംസ്കാരങ്ങളുടെയും ഈശ്വരവിചാരങ്ങളെ ഗൌരവമായി കാണാനും ആദരിക്കുവാനുമുള്ള ഒരു നവ സംസ്കൃതിയുടെ ആരംഭം കുറിക്കുവാനും വളര്‍ത്തുവാനും നാം പരിശ്രമിക്കണം. അസാധാരണമായ രീതിയില്‍ വിശ്വാസ്യതയുള്ളവരായി ജീവിച്ച് സത്യം, സമത്വം, സ്വാതന്ത്ര്യം, സമാധാനം എന്നീ നന്മകളെ ജീവിതവ്രതമാക്കുവാനും അങ്ങനെ മാതൃകയുള്ളവരായി ജീവിച്ച് സാക്ഷ്യം നല്‍കുവാനും നാമൊരുങ്ങണം.

പരിസ്ഥിതി, സമൂഹം, പാര്‍ട്ടി, വിപ്ലവം, മതം, ജാതി തുടങ്ങിയവയൊന്നും മനുഷ്യന്‍റെ സമാധാനത്തിനു തടസ്സമാകരുതെന്ന പ്രതിജ്ഞാബദ്ധമായ ജീവിത ദര്‍ശനം നല്‍കി, അത് സാക്ഷ്യപ്പെടുത്തുവാനും ഓരോ ജീവിതത്തിന്‍റെയും ഉള്ളടരുകളിലുള്ള നാളം കെടാതിരിക്കാന്‍ അനിതരസാധാരണമായ ജാഗ്രത വേണമെന്ന് പ്രബോധിപ്പിക്കാനും, ലോകം മുഴുവന്‍ അത് വിളംബരം ചെയ്യുവാനും, ഒരു ഹൃദയം ഒരു ലോകം എന്ന ദര്‍ശനലക്ഷ്യവുമായി മതിലുകളില്ലാത്ത മനസ്സ് രൂപപ്പെടുത്തി, ഒരു സ്‌നേഹസമാധാനലോകത്തിനുവേണ്ടി നമുക്ക് കൈകോര്‍ക്കാം” എന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ധ്യാനഗുരുക്കന്മാരായ റവ.ഫാ.ജോസ് അഞ്ചാനിക്കല്‍, റവ.ഫാ.മാത്യു കദളിക്കാട്ടില്‍ എന്നിവര്‍ക്കൊപ്പം, ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും സ്‌നേഹത്തിലും പ്രാര്‍ഥനയിലും ആഴപ്പെടുത്തുവാന്‍, ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൌണ്‍സിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫനും ചേര്‍ന്നായിരുന്നു നോമ്പുകാലധ്യാന ശുശ്രൂഷകള്‍ വിവധ ദേവാലയങ്ങളില്‍ നടത്തിവന്നത്.

സീറോമലബാര്‍ സൌത്താംപ്ടന്‍ റീജിയന്‍ ചാപ്ലയിന്‍ റവ.ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍റെ നേതൃത്വത്തിലായിരുന്നു വിവിധ സ്ഥലങ്ങളിലുള്ള ധ്യാന ശുശ്രൂഷകള്‍ ക്രമീകരിച്ചത്. വേള്‍ഡ് പീസ് മിഷന്‍ യുകെ കോര്‍ഡിനേറ്റര്‍ ശ്രീ ജോസ് ചെലച്ചുവട്ടിലിനും മറ്റു പ്രവര്‍ത്തകര്‍ക്കും ഫാ.ടോമി നന്ദി പറഞ്ഞു.
Email: worldpeacemissioncouncil@gmail.com