മസ്കത്ത്: സുരക്ഷിത ബസ് ഗതാഗത സംവിധാനത്തിന് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ തുടക്കമായി. ജനുവരി എട്ടാം തീയതി മുതലാണ് ഇവിടെ സര്‍വിസ് ആരംഭിച്ചത്. റൂവി, ദാര്‍സൈത്ത്, അല്‍ ഖുവൈര്‍, ഖുറം പി.ഡി.ഒ എന്നിവിടങ്ങളില്‍നിന്ന് ഒമ്പത് പ്രതിദിന സര്‍വിസുകളാണ് നടത്തുന്നത്. ഇരുനൂറിലധികം കുട്ടികള്‍ നിലവില്‍ ബസ് സര്‍വിസ് ഉപയോഗിക്കുന്നുണ്ട്.
മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യഘട്ട സര്‍വിസ് ആരംഭിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി.ജോര്‍ജ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മസ്കത്ത് കേന്ദ്രമായുള്ള സൈദ് സഊദ് സെയ്ഫ് ട്രേഡിങ്, സഹ്ബാന്‍ യുനൈറ്റഡ്എല്‍.എല്‍.സി, മര്‍വാന്‍ ഇന്‍റര്‍നാഷനല്‍ എല്‍.എല്‍.സി എന്നീ കമ്പനികള്‍ക്കാണ് സര്‍വിസ് നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. സര്‍വിസുകളുടെ കാര്യക്ഷമത മൂന്നുമാസ കാലയളവില്‍ സൂക്ഷ്മമായി നിരീക്ഷിക്കും. പാളിച്ചകളുണ്ടെങ്കില്‍ തിരുത്താനും നടപടിയെടുക്കും. മൂന്നുമാസ കാലയളവിന് ശേഷം കുട്ടികളുടെ എണ്ണവും ആവശ്യവും പരിഗണിച്ച് പുതിയ റൂട്ടുകള്‍ ആരംഭിക്കുന്നതിനും കൂടുതല്‍ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിക്കും വിധം സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ എടുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. രക്ഷിതാക്കളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രക്ഷാകര്‍ത്താക്കളുമായി നടത്തിയ ചര്‍ച്ചയില്‍ സമയക്രമം സംബന്ധിച്ച ബുദ്ധിമുട്ടുകളാണ് ചിലര്‍ ഉന്നയിച്ചത്. രാവിലെ സ്റ്റോപ്പില്‍ നേരത്തേ എത്തേണ്ടിവരുന്നതും ക്ളാസ് കഴിഞ്ഞുവരുന്ന സമയത്തിലെ വൈകലും സംബന്ധിച്ചാണ് പരാതി ഉയര്‍ന്നത്. സര്‍വിസുകള്‍ ക്രമത്തിലാകുന്നതോടെ ഇത്തരം പരാതികള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും വില്‍സണ്‍ വി.ജോര്‍ജ് പറഞ്ഞു.
സ്വകാര്യ ബസ് ഓപറേറ്റര്‍മാരുടെ അശ്രദ്ധമൂലമുള്ള അപകടങ്ങളും സര്‍വിസുകളെ കുറിച്ച പരാതികളും വര്‍ധിച്ചപ്പോഴാണ് സ്കൂളിന്‍െറ നേരിട്ടുള്ള നിയന്ത്രണത്തില്‍ ബസ് സര്‍വീസ് ആരംഭിക്കാന്‍ സ്കൂള്‍ ബോര്‍ഡ് നടപടികള്‍ ആരംഭിച്ചത്. ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളിലാണ് ഈ സംവിധാനം ആദ്യമായി ആരംഭിച്ചത്. തുടര്‍ന്ന് സീബ്, മബേല സ്കൂളുകളിലും ആരംഭിച്ചു. ദാര്‍സൈത്തിലും സീബിലും ഓരോ ഓപറേറ്റര്‍മാര്‍ വീതവും മബേലയില്‍ രണ്ട് ഓപറേറ്റര്‍മാരുമാണ് സര്‍വിസ് നടത്തുന്നത്.
നാലു സ്കൂളുകളിലായി രണ്ടായിരത്തിലധികം കുട്ടികള്‍ നിലവില്‍ ഈ ബസ് സര്‍വിസുകളെ ആശ്രയിക്കുന്നുണ്ട്. നിബന്ധനകളില്‍ ഉള്‍പ്പെടുത്താത്ത ഡിജിറ്റല്‍ ഡിസ്പ്ളേ ബോര്‍ഡ് വരെ ഉള്‍പ്പെടുത്തിയാണ് ഇതില്‍ പല ഓപറേറ്റര്‍മാരും സര്‍വിസ് നടത്തുന്നത്. സ്കൂള്‍ നിയന്ത്രിത സര്‍വിസുകളുടെ കാര്യക്ഷമമായ നടത്തിപ്പ് സ്വകാര്യ ഓപറേറ്റര്‍മാരെയും മാറി ചിന്തിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. സഹായിയുടെ സേവനം ഉറപ്പാക്കുന്നതടക്കം കാര്യക്ഷമമായ സര്‍വിസ് ഉറപ്പാക്കാന്‍ സ്വകാര്യ ഓപറേറ്റര്‍മാരും ശ്രദ്ധിക്കുന്നുണ്ട്. സലാല, മുലദ സ്കൂളുകളിലാണ് അടുത്ത ഘട്ടത്തില്‍ സര്‍വിസ് ആരംഭിക്കുക. ഇതിനായുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ചെയര്‍മാന്‍ പറഞ്ഞു. സുരക്ഷക്ക് ഏറെ മുന്‍ഗണന നല്‍കുന്നതാണ് പൂതിയ സ്കൂള്‍ ബസ് സംവിധാനം. ഇവ പൂര്‍ണമായി പാലിക്കുന്ന ബസുകള്‍ക്ക് മാത്രമാണ് സര്‍വിസ് നടത്താന്‍ അനുവാദം നല്‍കുക. ബസ് ഡ്രൈവര്‍മാരുടെ നീക്കങ്ങള്‍ പൂര്‍ണമായി നിരീക്ഷിക്കാന്‍ കഴിയുന്ന ഐ.വി.എം.എസ് സംവിധാനം ഇതിലുണ്ട്. ബസിന്‍െറ അമിത വേഗം, ബ്രേക്കിടല്‍ തുടങ്ങി വാഹനം ഓടിക്കുന്നവരുടെ എല്ലാ വിവരങ്ങളും പൂര്‍ണമായി നിരീക്ഷിക്കാന്‍ കഴിയുന്നതാണ് ഈ സംവിധാനം. ഇതോടൊപ്പം, ബസിനുള്ളില്‍ സി.സി.ടി.വി കാമറയും ഉണ്ടാകും. എല്ലാ കുട്ടികള്‍ക്കും ഇരിക്കാനുള്ള സീറ്റ് സംവിധാനം, സീറ്റ് ബെല്‍റ്റ് എന്നിവയും നിര്‍ബന്ധമാണ്. ഏറെ നാളുകളായുള്ള ആഗ്രഹങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും ഒടുവിലാണ് സ്കൂള്‍ നിയന്ത്രിത ബസ് സര്‍വിസുകള്‍ ആരംഭിച്ചതെന്നും എല്ലാ രക്ഷാകര്‍ത്താക്കളും ഇതിനോട് സഹകരിക്കണമെന്നും വില്‍സണ്‍ വി.ജോര്‍ജ് അഭ്യര്‍ഥിച്ചു.

