07:49 pm 5/5/2017
ന്യൂഡൽഹി: നിർഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ശരിവച്ച സുപ്രീംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് നിർഭയയുടെ മാതാപിതാക്കൾ. കേസിൽ തങ്ങൾക്ക് ഒടുവിൽ നീതി ലഭിച്ചെന്ന് നിർഭയയുടെ അമ്മ പ്രതികരിച്ചു. സുപ്രീം കോടതിയിൽനിന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. എല്ലാവർക്കും നന്ദിയുണ്ട്. എല്ലാവർക്കും നീതി ലഭിച്ചെന്നും അവർ പറഞ്ഞു.
ഡൽഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കേസിലെ പ്രതികളായ അക്ഷയ്, പവൻ, വിനയ് ശർമ, മുകേഷ് എന്നിവർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വധശിക്ഷ ശരിവച്ചത്. ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പ്രതികളുടെ അപേക്ഷ പരിഗണിച്ചത്. സമാനതകളില്ലാത്ത നിഷ്ഠൂരവും ക്രൂരവുമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്നും അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതികൾക്ക് വിധിച്ച ശിക്ഷ ശരിവയ്ക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. 2013 സെപ്റ്റംബർ 11-നാണ് കേസിലെ പ്രതികൾക്ക് ഡൽഹി ഹൈക്കോടതി വധശിക്ഷ വിധിച്ചത്.