സൂസി സാമുവേല്‍ (അനുസ്മരണം- തോമസ് ഫിലിപ്പ് റാന്നി)

09:52 am 8/12/2016

Newsimg1_43962381
ഇന്ത്യന്‍ പെന്തക്കോസ്ത് സഭാ നേതാവും, തമിഴ്‌നാട് ചര്‍ച്ച് സ്റ്റേറ്റ് മുന്‍ പ്രസിഡന്റും, രാജ്യാന്തര സുവിശേഷ കണ്‍വന്‍ഷന്‍ പ്രസംഗകനും, കാരുണ്യപ്രവര്‍ത്തകനും, വിനയാന്വിതനും, സര്‍വ്വോപരി സ്‌നേഹ ഹൃദയനുമായ റവ. ഡോ. എം.എസ് സാമുവേലിന്റെ സഹധര്‍മ്മിണി സൂസി സാമുവേല്‍ (71) ഡിസംബര്‍ മൂന്നാംതീയതി ന്യൂയോര്‍ക്കില്‍ നിര്യാതനായി. പൊതുദര്‍ശനം വെള്ളിയാഴ്ചയും ഫ്യൂണറല്‍ ശനിയാഴ്ചയും (ഡിസംബര്‍ 9-10) ന്യൂയോര്‍ക്കില്‍ നടത്തപ്പെടുന്നു.

കുറെ നാളുകളായി സുഖമില്ലാതെ കഴിയുകയായിരുന്ന മിസ്സിസ് സൂസിയുടെ ആരോഗ്യസ്ഥിതിയും വിശേഷങ്ങളുമൊക്കെ ആരാഞ്ഞ് ഇടയ്ക്കിടയ്ക്ക് ഞാന്‍ പാസ്റ്ററെ വിളിക്കുമായിരുന്നു. മരിക്കുന്നതിന് നാല് ദിവസം മുമ്പും റവ.ഡോ. സാമുവേലിനെ ടെലിഫോണില്‍ വിളിച്ച് ഭാര്യയുടെ രോഗവിവരങ്ങള്‍ വീണ്ടും ഞാന്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം എന്നോടുപറഞ്ഞ ഹൃദയസ്പര്‍ശിയായ മറുപടിയുമൊക്കെ ഇത്തരുണത്തില്‍ ഞാന്‍ ഇവിടെ ഓര്‍ക്കുകയും ചെയ്യുന്നു. ഭാര്യ തീരെ അവശതയില്‍ റിഹാബില്‍ തന്നെയാണെന്നും, താന്‍ ഒറ്റയ്ക്ക് വീട്ടില്‍ കഴിയുകയാണെന്നും പറഞ്ഞ കൂട്ടത്തില്‍ അദ്ദേഹം എന്നോടു പറഞ്ഞു: “കുക്ക് ചെയ്യാന്‍ എനിക്കറിയാം. എങ്ങനേലുമൊക്കെ കുക്ക് ചെയ്ത് ആഹാരം ഉണ്ടാക്കാം. പക്ഷെ, ഭാര്യയില്ലാതെ ഡൈനിംഗ് ടേബിളില്‍ ഒറ്റയ്ക്കിരുന്ന് അതു കഴിക്കുന്ന കാര്യമാണ് ഏറെ വിഷമം എന്ന്.’ വലിയൊരു ജീവിത യാഥാര്‍ത്ഥ്യമാണിത്. പരസ്പരം കരുതിയും, സഹായിച്ചും സഹകരിച്ചും, ആകുലപ്പെട്ടും, ത്യാഗങ്ങള്‍ അനുഷ്ഠിച്ചുമൊക്കെ സ്‌നേഹബദ്ധരായി കഴിഞ്ഞ ജീവിത പങ്കാളി വിട്ടുപിരിഞ്ഞ് പോകുമ്പോള്‍ മാത്രമേ, അഥവാ പോയ ശേഷം മാത്രമേ ആ വലിയ നഷ്ടബോധവും അതിന്റെ വിലയുമൊക്കെ മനുഷ്യര്‍ മനസ്സിലാക്കുകയുള്ളല്ലോ?

പാസ്റ്റര്‍ എം.എസ് സാമുവേലിനെ പോലെ തന്നെ നല്ല നര്‍മ്മബോധവും ആത്മാര്‍ത്ഥമായ സ്‌നേഹവുമുള്ള ഒരുത്തമ സ്ത്രീ രത്‌നമായിരുന്നു സൂസി എന്ന തങ്കമ്മയുമെന്ന് സ്മരണകളുടെ ചിതശാല എന്ന തന്റെ ജീവചരിത്ര ഗ്രന്ഥം വായിച്ചിട്ടുള്ളവര്‍ക്കെല്ലാമറിയാം. ഈ കൃതിയെപ്പറ്റിയുള്ള ആസ്വാദനത്തില്‍ സുപ്രസിദ്ധ മലയാള സാഹിത്യകാരന്‍ ശ്രീ ജോയന്‍ കുമരകം, പാസ്റ്റര്‍ സാമുവേലിന്റേയും സഹധര്‍മ്മിണിയുടേയും നര്‍മ്മബോധത്തെ പ്രത്യേകം എടുത്തുപറയുകയും ചെയ്തിട്ടുണ്ടല്ലോ.

ഒരു ദൈവഭക്തന്റെ ഭവനത്തിലെ അനുഗ്രഹങ്ങളെപ്പറ്റി 128-മത് സങ്കീര്‍ത്തനത്തില്‍ ഇങ്ങനെ പറയുന്നു: “നിന്റെ ഭാര്യ നിന്റെ വീടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളി പോലെയും നിന്റെ മക്കള്‍ നിന്റെ മേശയ്ക്കു ചുറ്റും ഒലിവു തൈകള്‍ പോലെയും ഇരിക്കും. യഹോവ ഭക്തനായ പുരുഷന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും’. പാസ്റ്റര്‍ എം.എസ്. സാമുവേലിന്റെ കുടുംബജീവിതവും ഈദൃശമായി അനുഗ്രഹിക്കപ്പെട്ടതായിരുന്നു എന്ന് ഞാനിവിടെ വിലയിരുത്തിക്കൊള്ളട്ടെ.

മിസ്സിസ് സൂസി സാമുവേലിന്റെ നിര്യാണത്തില്‍ കുടുംബമായിട്ട് ഞങ്ങള്‍ക്കുള്ള ഹൃദയംഗമമായ അനുശോചനം ദുഖിതരായ എല്ലാ കുടുംബാംഗങ്ങളേയും അറിയിച്ചുകൊള്ളുന്നു. സ്‌നേഹനിധിയും കാരുണ്യവാനുമായ ദൈവം പാസ്റ്റര്‍ സാമുവേലിനേയും പ്രിയപ്പെട്ട കുടുംബാംഗങ്ങളേയും തന്റെ അപ്രമേയമായ സമാധാനത്താലും കൃപകളാലും അനുഗ്രഹിച്ച് മുമ്പോട്ടും കാത്തുപരിപാലിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊള്ളുന്നു.