09:06 pm 28/12/2016
– പി.പി. ചെറിയാന്‍
കനക്ടിക്കട്ട് : കനക്ടിക്കട്ട് സെനറ്റ് പ്രസിഡന്റിന് ന്യുഹെവന്‍ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി ബ്രയാന്‍ ഫിഷര്‍ വൃക്ക ദാനം ചെയ്തു മാതൃകയായി. ദീര്‍ഘകാലമായി വൃക്ക രോഗ ബാധിതനായിരുന്നു സെനറ്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ലൂണി വൃക്കദാതാവിനെ പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് ഉറ്റ സുഹൃത്തും ജഡ്ജിയുമായ ബ്രയാന്‍ വൃക്ക ദാനം ചെയ്യാം എന്ന വാഗ്ദാനവുമായി സമീപിച്ചത്.
അപ്രതീക്ഷിതമായി ജഡ്ജിയുടെ വാഗ്ദാനം കേട്ടപ്പോള്‍ തനിക്ക് അത്ഭുതമായെന്ന് സെനറ്റര്‍ പറയുന്നു. ഇരുവരുടേയും രക്തപരിശോധന പൂര്‍ത്തിയായതോടെ ഡിസംബര്‍ 20ന് ന്യുഹെവന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായി.
ഇതിനിടയില്‍ ജനറല്‍ അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട മാര്‍ട്ടിന്‍ ലൂണിയെ സത്യ പ്രതിജ്ഞ ചെയ്യിക്കുന്ന ചടങ്ങിന് കാത്തിരിക്കുകയാണ് ജഡ്ജി. 2017 ജനുവരി 4നാണ് സത്യപ്രതിജ്ഞാച്ചടങ്ങ്. ആത്മാര്‍ത്ഥ സുഹൃത്തിന് പുതിയൊരു ജീവിതം നല്‍കുവാന്‍ കഴിഞ്ഞതില്‍ കൃതാര്‍ത്ഥനാണ് ബ്രയാന്‍ ഫിഷര്‍. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ കാണിക്കുന്ന മാതൃക പിന്തുടര്‍ന്നാല്‍ അനേകര്‍ക്ക് പുതിയ ജീവിതം നയിക്കുന്നതിനു അവസരം ലഭിക്കും.