സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍, ഇംഗ്ലീഷ് ചാപ്പല്‍ കൂദാശ മെയ് 6ന്

06:42 am 30/4/2017

– മാര്‍ട്ടിന്‍ വിലങ്ങോലില്‍


അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലെ, പ്രധാന ദേവാലയങ്ങളിലൊന്നായ ഡാളസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലിന്റെ കീഴില്‍ തുടക്കം കുറിക്കുന്ന, ഇംഗ്ലീഷ് ചാപ്പലിന്റെ കൂദാശ കര്‍മ്മം, മെയ് മാസം 6ാം തീയതി (ശനിയാഴ്ച) രാവിലെ 9 മണിക്ക് ഇടവക മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്താ തിരുമനസ്സുകൊണ്ട് നിര്‍വഹിക്കുന്നു.
അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, യുവദമ്പതികള്‍, എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വി.ആരാധനയില്‍ സജീവ പങ്കാളിത്വം വഹിക്കുന്നതിന്, പ്രധാന തടസ്സം ഭാഷയാണെന്നുള്ളതിനാല്‍ എല്ലാ ഞായറാഴ്ചകളിലും, മലയാള ആരാധനയ്ക്ക് സമാന്തരമായി, ഇംഗ്ലീഷ് ആരാധന നടത്തുന്നതിനുള്ള ക്രമീകരണമാണ് ചാപ്പലില്‍ ഒരുക്കുന്നത്. യുവജനങ്ങള്‍ക്ക് ഓര്‍ത്തഡോക്‌സ് വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ പഠിക്കുന്നതിനും, മനസ്സിലാക്കുന്നതിനുമുള്ള അവസരമുണ്ടാക്കുക, വി.ആരാധനയില്‍ കൂടുതല്‍ പങ്കാളിത്വം ഉറപ്പാക്കുക, അതുവഴി യഥാര്‍ത്ഥ െ്രെകസ്തവ ജീവിതം കെട്ടിപ്പടുത്തുന്നതിന് അവരെ സജ്ജമാക്കുകയെന്നതാണ് ഈ ഉദ്യമത്തിന്റെ പ്രധാന ഉദ്ദേശം. മലങ്കര അതിഭദ്രാസനത്തില്‍ തന്നെ ഇംഗ്ലീഷ് ആരാധനയ്ക്ക് മാത്രമായി ഒരു പ്രത്യേക് ചാപ്പല്‍ ആരംഭിക്കുന്ന ആദ്യ ഇടവകയാണ് ഡാളസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ എന്നതും ശ്രദ്ധേയമാണ്.

ഇടവകാംഗങ്ങളുടെ പ്രാര്‍ത്ഥനയും, സഹകരണവും, യുവജനങ്ങളുടെ നിസ്വാര്‍ത്ഥ സേവനവും, സമര്‍പ്പണവുമാണ് ഇത്തരം സംരംഭത്തിന് തുടക്കം കുറിക്കുവാന്‍ ഈ ഇടവകക്ക് സാദ്ധ്യമായതെന്ന് വികാരി റവ.ഫാ.സാജന്‍ ജോണ്‍ അഭിപ്രായപ്പെട്ടു. മെയ് 6ന്(ശനിയാഴ്ച) രാവിലെ 8.45 ന് അഭിവന്ദ്യ മെത്രാപ്പോലീത്താക്ക് സ്വീകരണവും, 9 മണിക്ക് ചാപ്പല്‍ കൂദാശയും, തുടര്‍ന്ന് പ്രഭാതപ്രാര്‍ത്ഥനക്കുശേഷം വി.കുര്‍ബാന അര്‍പ്പണവും നടത്തപ്പെടും.

ഈ ധന്യമുഹൂര്‍ത്തത്തിലും, തുടര്‍ന്ന് ഞായറാഴ്ചകളില്‍ നടത്തപ്പെടുന്ന ഇംഗ്ലീഷ് സര്‍വ്വീസിലും താല്‍പര്യമുള്ള യുവജനങ്ങള്‍, യുവ ദമ്പതികള്‍ തുടങ്ങി എല്ലാ വിശ്വാസികളും വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതിനായി വികാരി റവ.ഫാ.സാജന്‍ ജോണ്‍, അസിസ്റ്റന്റ് വികാരി റവ.ഫാ.ഡോ.രജ്ജന്‍ മാത്യു എന്നിവര്‍ അറിയിച്ചു. കൂദാശ ക്രമീകരണങ്ങളുടെ സുഗമായ നടത്തിപ്പിനായി, വികാരിമാര്‍ക്ക് പുറമേ, ശ്രീ.പോള്‍ ആര്‍ ഫിലിപ്പോസ്(സെക്രട്ടറി), ശ്രീ.ജോസഫ് ജോര്‍ജ്(ട്രസ്റ്റി), എന്നിവരുടെ നേതൃത്വത്തില്‍, പള്ളി മാനേജിങ്ങ് കമ്മറ്റിയും, ചാപ്പല്‍ പ്രതിനിധികളും, വിപുലമായ ക്രമീകരണങ്ങളാണ് നടത്തി വരുന്നത്. സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.