മോസ്കോ: റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബർഗിലെ മെട്രോ സ്റ്റേഷനിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടു പ്രതിയെന്നു സംശയിക്കുന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. അക്ബർഷോണ്‍ ജലിലോവ് എന്നയാളാണ് പിടിലായത്. ഇയാൾ റഷ്യൻ പൗരനാണെന്നും റഷ്യയിലെ മറ്റു സ്ഥലങ്ങളിൽ സമാനമായ ആക്രമണങ്ങൾ നടത്തുവാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും അധികൃതർ അറിയിച്ചു.
മെട്രോസ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. 51 പേർക്ക് പരിക്കേറ്റു. സെന്‍റ് പീറ്റേഴ്സ് ബർഗിലെ സെനയ പ്ലോഷ്ച്ചാഡ് സ്റ്റേഷനിലായിരുന്നു സ്ഫോടനം നടന്നത്. സംഭവത്തെ തുടർന്ന് മൂന്നു റെയിൽവേ സ്റ്റേഷനുകൾ അടച്ചു.
സംഭവം തീർത്തും അപലപനീയമാണെന്നും സ്ഫോടനത്തെത്തുടർന്നുണ്ടായ പ്രത്യേക സാഹചര്യം നേരിടുന്നതിനു ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നു റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ അറിയിച്ചു.