08.12 PM 03/05/2017
ന്യൂഡൽഹി: ടി.പി.സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് വീണ്ടും നിയോഗിക്കണമെന്ന ഉത്തരവിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി. ഹർജിയിൽ സെൻകുമാർ പോലീസ് മേധാവി അല്ലായിരുന്നുവെന്ന വാദമാണ് സർക്കാർ ഉന്നയിച്ചിരിക്കുന്നത്. പോലീസ് സേനയുടെ ചുമതലയുള്ള ഡിജിപി മാത്രമായിരുന്നു സെൻകുമാർ. എന്നാൽ ലോക്നാഥ് ബഹ്റയെ സർക്കാർ നിയമിച്ചത് സംസ്ഥാന പോലീസ് മേധാവിയായിട്ടാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. കേസിൽ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് സർക്കാരിന് വേണ്ടി ഹാജരാകുന്നത്.
വിധിയിൽ വ്യക്തത തേടി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭായോഗവും പരിഗണിക്കില്ലെന്ന് ഉറപ്പായി. സെൻകുമാർ രേഖകൾ ചോർത്തിയെന്ന സംശയത്തിലാണ് സംസ്ഥാന സർക്കാർ. ഈ രേഖകളുടെ പിൻബലത്തിലാണ് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചതെന്നും സർക്കാർ കരുതുന്നു.