08:10 am 17/1/2017

ലക്‌നോ: ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ സമാജ് വാദി പാര്‍ട്ടിയായി അംഗീകരിച്ച് സൈക്കിള്‍ ചിഹ്നം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. പാര്‍ട്ടിയിലെ ഭൂരിപക്ഷം അഖിലേഷിനൊപ്പമാണെന്ന് ബോധ്യമായ സാഹചര്യത്തിലാണിത്. അഖിലേഷ്-കോണ്‍ഗ്രസ് സഖ്യം രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. അതേസമയം മകനെതിരെ മത്സരിക്കാന്‍ പോലും മടിക്കില്ലെന്ന് മുലായം സിംഗ് യാദവ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയിലെ ഭിന്നതയില്‍ രണ്ടു കാര്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചത്. ഒന്ന് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായോ. രണ്ട് അങ്ങനെയെങ്കില്‍ സൈക്കിള്‍ ചിഹ്നം ആര്‍ക്കു നല്‍കണം. പിളര്‍പ്പുണ്ടായെന്ന് മുലായംസിംഗ് യാദവ് തന്നെ സമ്മതിച്ചെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പിളര്‍പ്പു നടന്നാല്‍ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ വേണം കമ്മീഷന്‍ തീരുമാനം എന്ന് സാദിഖലി കേസില്‍ സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്. 205 എംഎല്‍എ മാരുടെയും അഞ്ചില്‍ നാല് ലോക്‌സഭാ അംഗങ്ങളുടെയും പിന്തുണയുള്ള അഖിലേഷ് യാദവാണ് അതിനാല്‍ ദേശീയ അദ്ധ്യക്ഷനെന്നും സൈക്കിള്‍ ചിഹ്നം അഖിലേഷിന് അവകാശപ്പെട്ടതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. പാര്‍ട്ടി ഭരണഘടന രണ്ടു പേരും ലംഘിച്ചിട്ടുണ്ടെന്നും അതിനാല്‍ ഭരണഘടന പരിശോധിച്ച് തീരുമാനമെടുക്കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. അഖിലേഷിന്റെ അനുയായികള്‍ ലക്‌നൗവില്‍ തീരുമാനം ആഘോഷത്തോടെ വരവേറ്റു.
ഈ തീരുമാനത്തോടെ ബിജെപി വിരുദ്ധ ക്യാംപില്‍ മായാവതിയെ പിന്തള്ളി മുന്നിലെത്താനുള്ള അവസരമാണ് അഖിലേഷിന് കൈവന്നിരിക്കുന്നത്. അഖിലേഷ്-കോണ്‍ഗ്രസ് സഖ്യം രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. എന്നാല്‍ മകനെതിരെ മത്സരിക്കാനും മടിക്കില്ലെന്നാണ് മുലായം ഇന്ന് പ്രഖ്യാപിച്ചത്. പരമ്പരാഗത വോട്ടര്‍മാരെ ഒപ്പം നിറുത്താനുള്ള അഖിലേഷിന്റെ ശ്രമത്തിന് തടയിടാന്‍ മുലായത്തിനാവുമോ എന്നതറിയാന്‍ കാത്തിരിക്കേണ്ടി വരും. 149 പേരുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തിറക്കിയ ബിജെപി മുസഫര്‍ നഗര്‍ കലാപത്തില്‍ ആരോപണവിധേയനായ സന്ദീപ് സോമിന് വീണ്ടും സീറ്റു നല്കി.
