10:40 am 15/12/2016

ഹൈദരാബാദ്: ബാഡ്മിന്റൺ സൂപ്പർ താരം സൈന നേഹ്വാൾ ചൈനീസ് ബ്രാൻഡ് ഫോണിനായി പരസ്യം ചെയ്തതിനെതിരെ ഒരു വിഭാഗം രംഗത്ത്. ഹോണർ 8 എന്ന ഫോണുമായുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതാണ് സൈനക്കെതിരെ തിരിയാൻ ഇവരെ പ്രേരിപ്പിച്ചത്. സൈനയുടേത് ‘ദേശവിരുദ്ധ’ കുറ്റമാണെന്നും പെട്ടെന്നുതന്നെ ചൈനീസ് കമ്പനിയുമായുള്ള ധാരണ അവസാനിപ്പിക്കാനും സൈനയുടെ ടൈംലൈനിൽ അഭിപ്രായങ്ങൾ വന്നു.
ദയവായി ചൈനീസ് ഉൽപ്പന്നം പ്രോത്സാഹിപ്പിക്കരുത്.. അതു നമ്മുടെ രാഷ്ട്രത്തെ അപകടകടപ്പെടുത്തുന്ന കാര്യമാണ് ഒരാൾ അഭിപ്രായമെഴുതി. “ഞാൻ നിങ്ങളുടെ ആരാധകനാണ്. എന്നാൽ നിങ്ങൾ ചൈനീസ്ഉൽപ്പന്നം വാങ്ങാൻ പറഞ്ഞാൽ ഞാൻ വാങ്ങില്ല. ഈ അസംബന്ധം നിർത്തണം- മറ്റൊരാളുടെ അഭിപ്രായം ഇങ്ങനെ.
അതേസമയം സൈനയെ വിമർശിക്കുന്നവർ ഹോണർ ഉൽപാദകരായ ഹുവായി കമ്പനിക്ക് മേക് ഇൻ ഇന്ത്യയുടെ ഭാഗമായി ചെന്നൈയിൽ ഒരു യൂണിറ്റ് സ്ഥാപിക്കാൻ സർക്കാർ സഹായം ചെയ്ത് കൊടുത്ത കാര്യം തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു. എന്നാൽ സൈനയുടെ ഫോട്ടോയിൽ അഭിപ്രായമിട്ട ഭൂരിപക്ഷം പേരും താരത്തെ പിന്തുണയ്ക്കുന്നുണ്ട്. ഒരു ചെറിയ വിഭാഗത്തിൽ നിന്നുള്ള മോശം അഭിപ്രായം കാര്യമാക്കേണ്ടെന്നും ഇവർ സൈനയെ ഉപദേശിക്കുന്നുണ്ട്. കാൽമുട്ടിനേറ്റ ശസ്ത്രക്രിയക്ക് ശേഷം അടുത്തിടെയാണ് 26-കാരിയായ സൈന കളത്തിൽ തിരിച്ചെത്തിയത്.
