സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷം

08:54 am 17/4/2017

സെബാസ്റ്റ്യന്‍ ആന്റണി


ന്യൂജേഴ്‌സി: അനുരഞ്ജനത്തിന്റേയും ത്യാഗത്തിന്റേയും സ്മരണകളുണര്‍ത്തിയ വിശുദ്ധ വാരാചരണം കഴിഞ്ഞ്, മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍ നിന്ന് മോചിപ്പിച്ച് മോക്ഷത്തിന്റെ വഴി കാണിച്ചുതന്ന നിത്യരക്ഷകന്റെ ത്യാഗത്തിന്റേയും, സ്‌നേഹത്തിന്റേയും സ്മരണകളുണര്‍ത്തിയ ഉയിര്‍പ്പ് തിരുനാള്‍ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമായി നടത്തപ്പെട്ടു.

ഏപ്രില്‍ 16ന് വൈകിട്ട് 7:30 ന് ഉയിര്‍പ്പ് തിരുനാളിന്‍റെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കംകുറിച്ചു. ഇടവക വികാരി ഫാ. ലിഗോരി ജോണ്‍സന്‍ ഫിലിപ്‌സിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയിലും, തിരുകര്‍മ്മങ്ങളും ബഹു. ഫാ. പോളി തെക്കന്‍ സഹകാര്‍മികത്വം വഹിച്ചു.

കൈകളില്‍ കത്തിച്ച മെഴുകുതിരികളുമായി ആഘോഷമായ തിരുനാള്‍ പ്രദക്ഷിണത്തിനുശേഷം ദിവ്യബലി മധ്യേ ഫാ. പോളി തെക്കന്‍ ഉയിര്‍പ്പ് തിരുനാളിന്റെ സന്ദേശം നല്‍കി.

ക്രിസ്തീയതയുടെ അടിസ്ഥാന വിശ്വാസമാണ് ഉയിര്‍പ്പ്. എത്ര വലിയ നിരാശയും അന്തിമമായി പ്രത്യാശക്കു വഴിമാറും എന്നതിന്റെ ഓര്‍മ്മ പുതുക്കലാണ് ഈസ്റ്റര്‍. ഇല്ലായ്മയുെടയും പരാജയത്തിന്റെയും നിരാശയുെടയും, ഒറ്റപ്പെടലിന്റേയും തീരം സമൃദ്ധിയുെടയും വിജയത്തിന്റെയും പ്രത്യാശയുെടയും തീരമാക്കി മാറ്റുകയാണ് ഉത്ഥിതനായ ഈശോ മിശിഹ. ഈ പ്രത്യാശയില്‍ ജീവിക്കാനുള്ള സന്ദേശമാണ് ഈസ്റ്ററിന്റേതെന്ന് വചന സന്ദേശത്തില്‍ ഫാ. പോളി തെക്കന്‍ ഇടവക ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

ഒരിക്കല്‍ മാത്രം ഈ മാനഹാരമായ ഭൂമിയില്‍ ജീവിക്കാന്‍ നമുക്ക് അവസരം ലഭിക്കുംമ്പോള്‍ ആ ജീവിതം കൊണ്ട് കഴിയുന്നത്ര നന്മകള്‍ മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ നമ്മുക്ക് സാധിക്കണമെന്ന് തന്റെ അനുഭവ സക്ഷ്യങ്ങളിലൂടെ അച്ചന്‍ ഇടവകാംഗങ്ങളുമായി പങ്കുവെച്ചു.

ദിവ്യബലിമദ്ധ്യേ ദേവാലയത്തിലെ സി.സി.ഡി കുട്ടികള്‍ നോമ്പ് കാലത്തില്‍ ഉയിപ്പു തിരുനാളിനൊരുക്കമായി ചെയ്ത ത്യാഗപ്രവര്‍ത്തികളുടെയും, പുണ്യപ്രവര്‍ത്തങ്ങളുടെയും, പ്രാര്‍ത്ഥനകളുടെയും പ്രതീകമായ സ്പിരിച്ച്വല്‍ ബൊക്കെ കാണിക്കയായി സമര്‍പ്പണം നടത്തി.

നാലാം ക്ലാസ്സില്‍ പഠിക്കുന്ന പരിശീലനം പൂര്‍ത്തിയാക്കിയ അള്‍ത്താര ശുസ്രുഷികളുടെ വാഴിക്കല്‍ ചടങ്ങും നടത്തപ്പെട്ടു. തോമസ് കരിമറ്റത്തിന്റെ നേതൃത്വത്തില്‍ അന്‍സാ ബിജോ, ആഷ്‌ലി തൂങ്കുഴി, മരീസ ജോജു എന്നിവരാണ് പരിശീലനം നടത്തിയത്. പരിശീലകരെയും, പരിശീലനം നേടിയ കുഞ്ഞുങ്ങളെയും വികാരി ഫാ. തോമസ് ഫാ.ലിഗോറി പ്രത്യേകം അഭിനന്ദിച്ചു.

ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, നേര്‍ച്ചകാഴ്ച സമര്‍പ്പണം എന്നിവ നടന്നു. ഇടവകയിലെ ഗായകസംഘം ആലപിച്ച ഭക്തിനിര്‍ഭരമായ ഗാനങ്ങള്‍ ഉയിര്‍പ്പ് തിരുനാളിന്റെ ചടങ്ങുകള്‍ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി.

ഓശാന തിരുനാള്‍ മുതല്‍ ഉയിര്‍പ്പ് തിരുനാള്‍ വരെയുളള തിരുകര്‍മ്മങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, തിരുകര്‍മ്മങ്ങളില്‍ സഹകരിച്ച എല്ലാ വൈദീകര്‍ക്കും, ദേവാലയത്തിലെ ഭക്തസംഘടനാ ഭാരവാഹികള്‍ക്കും മറ്റു പ്രവര്‍ത്തകര്‍ക്കും, ഗായകസംഘത്തിനും, ട്രസ്റ്റിമാരായ മേരിദാസന്‍ തോമസ്, മിനേഷ് ജോസഫ്, ജസ്റ്റിന്‍ ജോസഫ്, സെബിന്‍ മാത്യു എന്നിവര്‍ക്കും വികാരി ഫാ.ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് നന്ദി പറഞ്ഞു.

തുടര്‍ന്ന് അറുന്നൂറിലധികം വരുന്ന വിശ്വാസികള്‍ തങ്ങളുടെ കൂട്ടായ്മയുടെ പ്രതീകമായി നടത്തിയ സ്‌നേഹവിരുന്നില്‍ പങ്കെടുത്ത്, വലിയ നോമ്പിനു സമാപ്തികുറിച്ചുകൊണ്ട് ശാന്തിയും സമാധാനവും പേറിയ മനസുമായി സ്വഭവനങ്ങളിലേക്ക് മടങ്ങിയപ്പോള്‍ രാത്രിയുടെ അന്ത്യയാമമായിരുന്നു.
വെബ്:www.Stthomassyronj.org