സോളാര്‍ കമ്മിഷന്‍ സിറ്റിംഗ്; ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ അന്‍പതുപേരുടെ മൊഴിയെടുക്കാനുള്ള ഉത്തരവ് നാളെ പുറപ്പെടുവിച്ചേക്കും

08.06 PM 11-08-2016
chandy-759
കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ അന്‍പതോളം പേരുടെ മൊഴി രേഖപ്പെടുത്തും. ഇതിനായുള്ള ഉത്തരവ് സോളാര്‍ കമ്മിഷന്‍ നാളെ പുറപ്പെടുവിച്ചേക്കും. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ മുന്‍പ് മൊഴിനല്‍കിയ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുകയും മറ്റുചിലരെ പുതുതായി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയുമാണ് അന്‍പതുപേരുടെ ലിസ്റ്റ് കമ്മിഷന് കക്ഷികളുടെ അഭിഭാഷകരും സര്‍ക്കാര്‍ അഭിഭാഷകനും കമ്മിഷന്റെ അഭിഭാഷകനും സമര്‍പ്പിച്ചത്. ഇതിന്‍മേല്‍ വിശദമായ വാദം കേട്ടശേഷമാണ് ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്. എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്ന് കമ്മിഷന്‍ അറിയിച്ചു.
ഉമ്മന്‍ ചാണ്ടിയെ കൂടാതെ അദ്ദേഹത്തിന്റെ ഗണ്‍മാനായിരുന്ന സലിംരാജ്, പി.സി ജോര്‍ജ് എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, സോളാര്‍ പ്രത്യേക അന്വേഷണസംഘം തലവനായിരുന്ന എ.ഡി.ജി.പി ഹേമചന്ദ്രന്‍, സരിത എസ് നായര്‍, ജിക്കുമോന്‍ എന്നിവരുടെയും മൊഴി കമ്മിഷന്‍ രേഖപ്പെടുത്തും. കമ്മിഷന്‍ ഇതുവരെ നടത്തിയ സിറ്റിങ്ങില്‍ 170തോളം സാക്ഷികളില്‍ നിന്ന് തെളിവ് ശേഖരിച്ചു. ഇതേത്തുടര്‍ന്നാണ് ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.