7:15 am 4/6/2017
ന്യൂയോര്‍ക്ക്: യുഎസില്‍ വാഷിങ്ടനില്‍ നടന്ന സ്ക്രിപ്സ് നാഷനല്‍ സ്പെല്ലിങ് ബീ മല്‍സരത്തില്‍ മലയാളി ബാലികയ്ക്കു വിജയം. യുഎസിലെ അന്‍പതു സംസ്ഥാനങ്ങളില്‍നിന്നും വിവിധ രാജ്യങ്ങളില്‍നിന്നുമായി ഒരു കോടിയിലേറെപ്പേര്‍ പങ്കെടുത്ത മല്‍സരത്തില്‍ അനന്യ വിനയ് എന്ന പന്ത്രണ്ടു വയസ്സുകാരിയാണ് ഉന്നത വിജയം നേടിയത്. 25 ലക്ഷം രൂപയാണു സമ്മാനത്തുക.
തൃശൂര്‍ ചേലക്കോട്ടുകര പോലിയേടത്ത് വീട്ടില്‍ ഡോ. അനുപമയുടെയും തിരുവനന്തപുരം പൂജപ്പുര വിനുഭവനില്‍ വിനയചന്ദ്രന് ശ്രീകുമാറിന്റെയും മകളാണ് പന്ത്രണ്ടു വയസ്സുള്ള അനന്യ.
അവസാന റൗണ്ടില്‍ അനന്യ പരാജയപ്പെടുത്തിയ രോഹന് രാജീവും മലയാളിയാണ്.
പന്ത്രണ്ടു മണിക്കൂര്‍ ഉശിരന്‍ പോരാട്ടം. കടുകട്ടി ഇംഗ്ലിഷ് വാക്കുകളുടെ സ്പെല്ലിങ് മണി മണിയായി പറഞ്ഞ് ഓരോ റൗണ്ടും ജയിച്ചു മുന്നേറുമ്പോള്‍ അനന്യയ്ക്ക് രസം പിടിച്ചു. ഇത് എവിടെപ്പോയി അവസാനിക്കുമെന്നറിയണമല്ലോ. ഒടുവില്‍ അവര്‍ രണ്ടുപേര്‍ ശേഷിച്ചു – അനന്യയും രോഹനും. പിന്നെയവിടെ തീപാറി.
അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന അനന്യ കലിഫോര്‍ണിയയിലെ ഫുഗ്മാന്‍ എലിമെന്ററി സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. നന്നായി വായിക്കുന്ന ശീലമുള്ള അനന്യ സ്പെല്ലിങ് ബീ പുസ്തകങ്ങള്‍ വായിച്ചാണ് അവസാനവട്ട പരിശീലനം നടത്തിയത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്പെല്ലിങ് ബീ മേഖലാതല മല്‍സരത്തില്‍ വിജയിച്ചിരുന്നു. അനന്യയുടെ അമ്മ അനുപമ അമേരിക്കയില്‍ ഡോക്ടറും അച്ഛന് വിനയചന്ദ്രന് സ്വകാര്യ കമ്പനിയുടെ വൈസ് പ്രസിഡന്റുമാണ്. അനുജന് അച്യുത് രണ്ടാം ക്ലാസ് വിദ്യാര്‍ഥി.
നാലു വര്‍ഷത്തിനിടെ ഇതാദ്യമായാണ് സ്പെല്ലിങ് ബീ മല്‍സരത്തില്‍ ടൈ ബ്രേക്കര്‍ ആവശ്യമില്ലാതെ വന്നത്. കഴിഞ്ഞ 13 വര്‍ഷങ്ങളായി ഇന്ത്യന്‍ വംശജരാണ് സ്പെല്ലിങ് ബീ കിരീടം ചൂടുന്നത്. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓപ്പണിങ് ബെല്‍ മുഴക്കാനുള്ള അവസരവും അനന്യയ്ക്കു ലഭിക്കും.