സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമോ? -കോടിയേരി

06:59 PM 20/08/2016
download (3)
കോഴിക്കോട്: സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമെന്ന നിലപാടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണനും കേരളത്തിലെ ബി.ജെ.പി-ആര്‍.എസ്.എസ്. നേതാക്കള്‍ക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് പാര്‍ട്ടി നിലപാട്‍. സ്ത്രീകളിലെ ജൈവപ്രക്രിയയെ പോരായ്മയായി കാണുന്നത് ശരിയല്ല. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള ഭാഗിക വിലക്ക് കേവലം ആചാര വിഷയമായി മാത്രം കാണാനാകില്ലെന്നും ഫ്യൂഡല്‍ വ്യവസ്ഥയെ ആഗ്രഹിക്കുന്നവര്‍ക്കേ സ്ത്രീ വിലക്കിനെ അംഗീകരിക്കാനാകൂവെന്നും സി.പി.എം. മുഖപത്രം ദേശാഭിമാനിയില്‍ എഴുതിയ ‘ശബരിമലയും സ്ത്രീപ്രവേശവും’ എന്ന ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ലേഖനത്തിന്‍റെ പൂർണരൂപം:

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് നിലനില്‍ക്കുന്ന വിലക്ക് വ്യത്യസ്ത തലങ്ങളില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഇതില്‍ ആചാരവും ആരാധനാക്രമവും മാത്രമല്ല അതിനുമപ്പുറം ഭരണഘടന, സാമൂഹ്യനീതി, രാഷ്ട്രീയം തുടങ്ങിയ തലങ്ങളും ഉള്‍ക്കൊള്ളുന്നു. പത്തുവയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനും അഞ്ച് അഭിഭാഷകരും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹര്‍ജിക്കാര്‍ സ്ത്രീകളാണ്. 2006 മുതല്‍ കോടതിയുടെ മുമ്പിലുള്ള ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ട വിഷയം ഭരണഘടനാപരമായ ചോദ്യങ്ങളുയര്‍ത്തുന്നതാണെന്ന് സമീപ സമയത്ത് കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണെങ്കിലും അയ്യപ്പ ദര്‍ശനത്തിന് സ്ത്രീകളെ വിലക്കാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ ഭരണഘടനാപരമായ അവകാശമില്ലെന്ന് സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചത് മാധ്യമങ്ങള്‍ ശ്രദ്ധേയമായി റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീ പ്രവേശനത്തിനനുകൂലമായി 2006ലെ എൽ.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സ്ത്രീവിരുദ്ധ നിലപാടാണ് കൈക്കൊണ്ടത്. സ്ത്രീകള്‍ അയ്യപ്പദര്‍ശനം നടത്തിയാല്‍ മല ഇടിഞ്ഞുവീഴുമെന്ന മട്ടിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും സംസ്ഥാനത്തെ ചില ബി.ജെ.പി–ആർ.എസ്.എസ് നേതാക്കളും പ്രതികരിച്ചത്. ഇതിനെ വികാരപരമായ പ്രശ്നമായി അവതരിപ്പിച്ച് ഭക്തജനങ്ങളെ ഇളക്കിവിടാനുള്ള ഗൂഢപരിശ്രമത്തിലാണ് ഇവരെന്ന് വിളിച്ചറിയിക്കുന്നതാണ് ചിങ്ങപ്പുലരിയില്‍ ശബരിമല സന്നിധാനത്ത് നടത്തിയ ഉപവാസ പ്രാര്‍ഥനാ യജ്ഞം. സന്നിധാനത്ത് സമരപരിപാടി വിലക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അത് ലംഘിച്ചാണ് കോണ്‍ഗ്രസ് നേതാവ് പ്രയാറിന്റെ നേതൃത്വത്തില്‍ പന്തല്‍കെട്ടി 12 മണിക്കൂര്‍ സമരം നടത്തിയത്. സ്ത്രീപ്രവേശനത്തെ പല്ലും നഖവുമുപയോഗിച്ച് നേരിടുമെന്നാണ് കോണ്‍ഗ്രസ്–ബി.ജെ.പി പ്രതിനിധികള്‍ പ്രസംഗിച്ചത്. ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള 1255 ക്ഷേത്രങ്ങളിലെ ക്ഷേത്രോപദേശകസമിതികളെക്കൂടി യോജിപ്പിച്ചാണ് താന്‍ ഇത്തരമൊരു സമരം സന്നിധാനത്ത് നടത്തിയതെന്ന് ബോര്‍ഡ് പ്രസിഡന്റ് അവകാശപ്പെടുന്നുണ്ട്. ഈ സമരം നടത്തിയതാകട്ടെ ശബരിമലവികസന കാര്യത്തില്‍ ഉന്നതതല കൂടിയാലോചനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അവിടെ എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പും. സ്ത്രീപ്രവേശനത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയ അജന്‍ഡയാക്കാനുള്ള ഉദ്ദേശ്യമായിരുന്നോ എന്ന് സംശയിക്കണം

രാജ്യത്തെ ഏറ്റവും വലിയ നീതിന്യായസ്ഥാപനമായ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഭരണഘടനാപരമായി സമാധാനത്തോടെ തീരുമാനമെടുക്കാന്‍ കോടതിക്ക് അവസരം നല്‍കുകയാണ് അഭികാമ്യം. അതിനുപകരം ഒരുകൂട്ടം ഭക്തന്മാരെ മതത്തിന്റെയും ആചാരത്തിന്റെയുംപേരില്‍ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നത് നല്ല പ്രവണതയല്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട് കെപിസിസിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ഔദ്യോഗികനിലപാടാണോ? ഒരുപക്ഷേ അതായതുകൊണ്ടാകാം പ്രയാറിനെ തിരുത്താന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ തയ്യാറാകാത്തത്. സ്ത്രീയുടെ തുല്യപദവിയെ അംഗീകരിക്കാത്ത രാഷ്ട്രീയപ്രമാണമാണോ കെ.പി.സി.സിയുടേതെന്ന് സുധീരന്‍ വ്യക്തമാക്കണം. സ്ത്രീവിവേചനത്തിന്റെയും സ്ത്രീപുരുഷ സമത്വത്തിന്റെയും വിഷയമുള്ളതിനാല്‍ മഹിളാ കോണ്‍ഗ്രസിന്റെ നിലപാട് അവര്‍ വ്യക്തമാക്കട്ടെ.