സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നു -ജേക്കബ് തോമസ്

11:56 AM 19/10/2016
download (3)
തിരുവനന്തപുരം: വിജിലന്‍സ് ‍ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന നിലപാടില്‍ ഉറച്ച് ഡി.ജി.പി ജേക്കബ് തോമസ്. സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നു. ഒാരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോക്ക് കത്ത് നല്‍കിയത്. ഇതിന് പിന്നാലെ ഇന്ന് രാവിലെ നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുടെ വിശ്വാസ്യത നിയമസഭയില്‍ ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഡയറക്ടര്‍ ജേക്കബ് തോമസ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ച് സര്‍ക്കാറിന് കത്ത് നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ വിജിലന്‍സില്‍നിന്ന് ഒഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍െറ സെക്രട്ടറി ശിവശങ്കറിനും ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനിനെറ്റോക്കും കത്ത് നല്‍കിയത്.