സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഹൈക്കമാന്‍ഡിനു പരാതി പ്രവാഹം

27-03-2016
v-m-sudheeran-liquor.jpg.image.784.410
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഹൈക്കമാന്‍ഡിനു പരാതി പ്രവാഹം. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെയാണ് പരാതികളില്‍ അധികവും. ഉറച്ച സിറ്റിങ് സീറ്റുകളില്‍പ്പോലും ഒന്നിലധികം പേരുകള്‍ നിര്‍ദ്ദേശിച്ച് സുധീരന്‍ പ്രവര്‍ത്തര്‍ക്കിടയില്‍ ആശയകുഴപ്പം ഉണ്ടാക്കിയിരിക്കുകയാണെന്നാണ് പ്രധാന ആരോപണം.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പോലും വി.എം. സുധീരന്‍ പകപോക്കല്‍ നടത്തുകയാണെന്നാണ് പരാതികളിലെ പ്രധാന ആരോപണം. ഈ ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധിക്കും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കുമാണ് സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ പരാതി അയച്ചത്. വിജയം സുനിശ്ചിതമായ പല സിറ്റിങ് മണ്ഡലങ്ങളിലും അവസാന നിമിഷം സുധീരന്‍ പുതിയ പേരുകള്‍ ഉള്‍പ്പെടുത്തിയെന്ന് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ലഭിച്ച പരാതികളില്‍ പറയുന്നു.
ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ അനിശ്ചിതത്വത്തിന് ഇടയാക്കിയിട്ടുണ്ട്. മാധ്യമങ്ങളിലൂടെ ഈ പേരുകള്‍ പുറത്ത് വന്നത് വോട്ടര്‍മാര്‍ക്കിടയിലും ആശയകുഴപ്പത്തിന് വഴിവച്ചിട്ടുണ്ട്. ചില സിറ്റിങ് മണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ പേര് മാത്രവും മറ്റിടങ്ങളില്‍ എംഎല്‍എമാര്‍ക്കൊപ്പം മറ്റ് പേരുകളും ഉള്‍പ്പെടുത്തിയാണ് കരട് സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയിരിക്കുന്നത്. സിറ്റിങ് എംഎല്‍എമാര്‍ക്ക് ജയസാധ്യത ഇല്ലാത്തത് കൊണ്ടാണ് കൂടുതല്‍ പേരുകള്‍ ഉള്‍പ്പെടുത്തിയതെന്ന വ്യാഖ്യാനത്തിന് ഇത് വഴിവച്ചതായാണ് ആരോപണം.
ഒന്നിച്ച് നിന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് പകരം കെപിസിസി പ്രസിഡന്റ് തനിക്കൊപ്പം ആളെ ചേര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നന്നത്. തിരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ചാല്‍ അതില്‍ നിന്ന് തലയൂരാന്‍ വി.എം. സുധീരന്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നീക്കമെന്നുമാണ് ഹൈക്കമാന്‍ഡിന് പരാതി അയച്ച നേതാക്കളുടെ നിലപാട്.