സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ഇന്ന്

08:05am

20/02/2016
kochi-smart-city
കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യകെട്ടിടം ശനിയാഴ്ച നാടിന് സമര്‍പ്പിക്കും. കാക്കനാട്ട് 246 ഏക്കര്‍ വരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഒന്നാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആറരലക്ഷം ചതുരശ്രയടിയിലുള്ള ഐ.ടി. ടവര്‍ ഉള്‍പ്പെടുന്ന കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്.
രാവിലെ 11ന് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രിയും ദുബൈ ഹോള്‍ഡിങ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബൈ ഹോള്‍ഡിങ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം.എ. യൂസുഫലി തുടങ്ങിയവരും ദുബൈ സര്‍ക്കാര്‍ പ്രതിനിധികളും പങ്കാളികളാകും. ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനൊപ്പം സ്മാര്‍ട്ട് സിറ്റിയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ശനിയാഴ്ച തുടക്കമാകും. മൂന്ന് ഘട്ടങ്ങളായി നിര്‍മിക്കുന്ന പദ്ധതി 2020ല്‍ പൂര്‍ത്തീകരിക്കുമെന്ന് സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹഫീസ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഐ.ടി. വികസനം ലക്ഷ്യമാക്കിയുള്ള രണ്ടാം ഘട്ടവും മൊബിലിറ്റി ഹബുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ എന്നിങ്ങനെ അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിടുന്ന മൂന്നാംഘട്ടവുമാണ് വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുക. പുതിയ പദ്ധതിയെന്നനിലയില്‍ പ്രതിബന്ധങ്ങളുണ്ടായെങ്കിലും കൂട്ടായ പ്രവര്‍ത്തനഫലമായാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. പദ്ധതി നിര്‍വഹണത്തിന് മുന്‍ മാതൃകകളില്ലാതിരുന്നതും റോഡ്, പാലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടിവന്നതും ഒന്നാം ഘട്ടം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി.
എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയിലും സഹകരണത്തിലും സംതൃപ്തിയുണ്ടെന്നും ജാബര്‍ ബിന്‍ ഹഫീസ് വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമാകുന്ന 27 കമ്പനികളുടെ വിശദാംശങ്ങള്‍ ശനിയാഴ്ച ഉദ്ഘാടനചടങ്ങില്‍ പ്രഖ്യാപിക്കുമെന്നു അദ്ദേഹം പറഞ്ഞു.