സ്മാര്‍ട് സിറ്റി: പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്നംഗ സമിതി

02.16 AM 09/09/2016
smartcityy_05092016
തിരുവനന്തപുരം: സ്മാര്‍ട് സിറ്റി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. സര്‍ക്കാര്‍, സ്മാര്‍ട് സിറ്റി, ദുബായ് ടീകോം എന്നിവരുടെ ഓരോ പ്രതിനിധികളാണ് ഇതിലുണ്ടാവുക. സര്‍ക്കാരും ടീകോമും തമ്മിലുള്ള കരാര്‍ പ്രകാരം സ്മാര്‍ട് സിറ്റി പദ്ധതി പൂര്‍ത്തീകരിക്കാന്‍ ക്ലോഷര്‍ തീയതി പ്രഖ്യാപിക്കേണ്ടതുണ്ട്. ഇതിന് തടസമായി നില്‍ക്കുന്ന 22 കാര്യങ്ങള്‍ ആദ്യം പരിഹരിക്കണമെന്നായിരുന്നു സ്മാര്‍ട് സിറ്റി അധികൃതരുടെ നിലപാട്. പദ്ധതിയുടെ മുന്നോട്ടു പോക്കിന് തടസമായി സ്മാര്‍ട് സിറ്റി അധികൃതര്‍ പറയുന്ന 22 കാര്യങ്ങള്‍ മൂന്നംഗ സമിതി പരിശോധിക്കും.

സര്‍ക്കാര്‍ ഇടപെട്ടു പരിഹരിക്കേണ്ട കാര്യങ്ങളില്‍ അടുത്ത ബോര്‍ഡ് യോഗത്തിന് മുമ്പ് ഉചിതമായ തീരുമാനമെടുക്കും. ഈ പശ്ചാത്തലത്തില്‍ ക്ലോഷര്‍ ഡേറ്റും സ്മാര്‍ട് സിറ്റി ഉന്നയിച്ച പ്രശ്‌നങ്ങളും തമ്മില്‍ കൂട്ടിക്കുഴക്കേണ്ടതില്ലെന്ന പൊതുനിലപാടാണ് യോഗം എടുത്തത്. ആറര ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ വരുന്ന സ്മാര്‍ട് സിറ്റിയുടെ നിര്‍മ്മാണം പൂര്‍ത്തിയായ ആദ്യത്തെ കെട്ടിടത്തിലെ സ്ഥലം 23 കമ്പനികള്‍ക്ക് നല്‍കി കഴിഞ്ഞുവെന്നും സ്മാര്‍ട് സിറ്റി അധികൃതര്‍ പറഞ്ഞു. കമ്പനികള്‍ ഈ വര്‍ഷം ഡിസംബറിനുള്ളില്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.