സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്‍റെ പ്രവർത്തനം ഇന്നുകൂടി മാത്രം.

10:10 am 31/3/2017
download (1)
തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്‍റെ പ്രവർത്തനം ഇന്നുകൂടി മാത്രം. എസ്ബിടി ഉൾപ്പെടെയുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയിൽ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്‍റെ ഭാഗമായാണ് എസ്ബിടി പ്രവർത്തനം അവസാനിപ്പിക്കുന്നത്. പുതിയ സാന്പത്തിക വർഷം പിറക്കുന്പോൾ ഈ ബാങ്കുകൾ എസ്ബിഐക്കു കീഴിലാകും.

കേന്ദ്ര സർക്കാരിന്‍റെ ലയന തീരുമാനത്തിനെതിരെ കേരളത്തിൽ അതിശക്തമായ പ്രതിഷേധമുയർന്നിരുന്നു. കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തു. ബാങ്ക് ജീവനക്കാരും പൊതുസമൂഹവും എസ്ബിടിയുടെ നിലനിൽപ്പിനായി പ്രക്ഷോഭരംഗത്തിറങ്ങി. എന്നാൽ, പ്രതിഷേധങ്ങളെല്ലാം നിലനിൽക്കെ ലയനതീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുകയായിരുന്നു.

എസ്ബിടിയുടെ 1200 ശാഖകളിലായി പതിനാലായിരത്തോളം ജീവനക്കാരാണു ജോലി ചെയ്യുന്നത്. ലയനത്തിന്‍റെ ഭാഗമായി എത്ര ശാഖകൾ ഇല്ലാതാകുമെന്ന് ഇനിയും തീർച്ചയില്ല. അധിക ജീവനക്കാർക്കു പിരിഞ്ഞു പോകാൻ വിആർഎസ് ഉൾപ്പെയെയുള്ള പദ്ധതികൾ ബാങ്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. അഖിലേന്ത്യാതലത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന്‍റെ ഭാഗമായി എസ്ബിടി മാറുന്നതോടെ കേരളത്തിന്‍റെ ആവശ്യങ്ങൾക്കു പരിഹാരം നിർദേശിക്കുന്ന ഒരു ബാങ്ക് ഇല്ലാതാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.