സ്വപ്ന സാക്ഷാത്കാരമായി മലങ്കര കത്തോലിക്കാ ഭദ്രാസന ദേവാലയം സമര്‍പ്പിക്കപ്പെട്ടു

09:25 am 29/3/2017
Newsimg1_97211075
ന്യൂയോര്‍ക്ക്: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, പ്രാര്‍ത്ഥനാ മന്ത്രങ്ങളുടെ അകമ്പടിയോടെ അമേരിക്കയിലെ മലങ്കര കത്തോലിക്കരുടെ ചിരകാലാഭിലാഷമായ ഭദ്രാസന ദേവാലയം ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ കൂദാശ ചെയ്യപ്പെട്ടു.

2017 മാര്‍ച്ച് 25 ന് പരിശുദ്ധ കന്യകമറിയത്തിന്റെ വചനിപ്പ് തിരുനാളില്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍, ഡോ. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത, കൂടാതെ വിവിധ റീത്തുകളിലെയും രൂപതകളിലേയും നിരവധി മെത്രാപ്പോലീത്താമാരുടെയും ധാരാളം വൈദികരുടെയും അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികളുടെയും സാന്നിധ്യത്തില്‍ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ ഭദ്രാസന ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നിര്‍വഹിച്ചു.

മലങ്കരയുടെ പൈതൃകവും അന്ത്യോഖ്യന്‍ ആത്മീയതയും ഒരുപോലെ രൂപപ്പെടുത്തി വിശ്വാസികള്‍ക്ക് തങ്ങളുടെ പാരമ്പര്യവും വിശ്വാസവും കെടാതെ സൂക്ഷിക്കാന്‍ തക്കവിധത്തില്‍ ഇത് രൂപകല്‍പ്പന ചെയ്യാന്‍ കഴിഞ്ഞത് ദൈവത്തിന്റെ നമ്മോടുള്ള മഹത്തായ സ്‌നേഹത്തിന്‌നിദര്‍ശനമാണെന്ന് കൂദാശ കര്‍മ്മം നിര്‍വഹിച്ച ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ പറഞ്ഞു.

ന്യൂയോര്‍ക്ക് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍ തന്റെ പ്രസംഗത്തില്‍ മലങ്കര കത്തോലിക്ക സഭയുടെ പാരമ്പര്യവും ആരാധനയും എത്രമാത്രം അര്‍ഥവത്താണെന്നും, അമേരിക്കയില്‍ വിവിധ സംസ്കാരങ്ങളെ യോജിപ്പിച്ചു കൊണ്ടുള്ള കത്തോലിക്കാ സഭയുടെ പ്രയാണം ഇസ്രേയല്‍ മക്കള്‍ അനുഭവിച്ച അതേ അനുഭൂതിയിലാണെന്നും ചൂണ്ടിക്കാട്ടി. ഇങ്ങനെ സഭാമക്കള്‍ എല്ലാവരുംകൂടി ഒരുമിച്ചുള്ള പ്രയാണത്തില്‍ ദൈവം സന്തോഷിക്കുന്നുവെന്നും ഈ കത്തീഡ്രല്‍ സഭയ്ക്കും നാടിനും നാട്ടുകാര്‍ക്കും ആശ്വാസ ഭവനമായി മാറട്ടെ എന്നും കര്‍ദ്ദിനാള്‍ ഡോളന്‍ ആശംസിച്ചു.

2010ല്‍ സ്ഥാപിതമായ മലങ്കര എക്‌സാര്‍ക്കേറ്റ്, ചുരുങ്ങിയ സമയം കൊണ്ടുതന്നെ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഭദ്രാസനമായി ഉയര്‍ത്തുകയുണ്ടായി. ഇപ്പോള്‍ ചിരകാലാഭിലാഷമായ ഭദ്രാസന ദേവാലയവും കൂദാശ ചെയ്യപ്പെട്ടിരിക്കയാണ്. ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ ശ്ലൈഹിക നേതൃത്വപാടവവും ചുരുങ്ങിയ സമയംകൊണ്ട് സഭാമുന്നേറ്റത്തിനും ഈ സാക്ഷാത്കാരത്തിനും തുണയായി.

കൂദാശാകര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ യൗസേബിയോസ്, വികാരി ജനറല്‍ ഡോ. പീറ്റര്‍ കേച്ചേരി, രൂപതാ ചാന്‍സലര്‍ ഫാ. അഗസ്റ്റിന്‍ മംഗലത്ത്, കത്തീഡ്രല്‍ വികാരി ഫാ. നോബി അച്ചനേത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Sanctuary Blessing viewed online at www.solidactionstudio.com
Picture2