സ്വാശ്രയ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതിപക്ഷ എം.എൽ.എമാർ സഭാകവാടത്തിൽ നിരാഹാര സമരം ആരംഭിച്ചു

12:22 pm 28/9/2016

download (7)
തിരുവനന്തപുരം: സ്വാശ്രയ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് പ്രതിപക്ഷ എം.എൽ.എമാർ സഭാകവാടത്തിൽ നിരാഹാര സമരം ആരംഭിച്ചു. കോൺഗ്രസ് എം.എൽ.എമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും കേരള കോൺഗ്രസ് എം.എൽ.എ അനൂപ് ജേക്കബുമാണ് നിരാഹാരമിരിക്കുന്നത്. മുസ്ലീം ലീഗ് എം.എൽ.എമാരായ കെ.എം. ഷാജിയും എം. ഷംസുദീനും അനുഭാവ സത്യാഗ്രഹം നടത്തുന്നുണ്ട്. ഇന്ന് രാവിലെ ചേർന്ന യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

സ്വാശ്രയ ഫീസ് വർധനയിലും പൊലീസ് മർദനത്തിലുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ സഭ ആരംഭിച്ചയുടൻ തന്നെ പ്ളക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷ എം.എൽമാർ ബഹളം തുടങ്ങിയിരുന്നു. ചോദ്യോത്തരവേള തുടങ്ങുന്നതിന് മുമ്പ് തന്നെ സമരം പ്രഖ്യാപിക്കാനായിരുന്നു പ്രതിപക്ഷത്തിന്‍റെ തീരുമാനമെങ്കിലും ശൂന്യവേളയിൽ മാത്രമാണ് പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ സ്പീക്കർ സമയം അനുവദിച്ചത്. അതുവരെ പ്രതിപക്ഷ എം.എൽ.എമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.

സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. പ്രതിപക്ഷത്തിനും അവകാശങ്ങളുണ്ടെന്നും അത് സംരക്ഷിക്കുന്നതിൽ സ്പീക്കർ പരാജയപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടേത് അഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞ നടപടിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. തുടർന്ന് പ്രകടനമായി പ്രതിപക്ഷ അംഗങ്ങൾ സഭാകവാടത്തിലേക്ക് നീങ്ങി.