സ്വാശ്രയ മെഡിക്കല്‍ പ്രവേശം സംബന്ധിച്ച് സര്‍ക്കാറും മാനേജ്മെന്‍റ് അസോസിയേഷനും നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയും അലസി.

10:09 pm 20/8/2016

download (5)
തിരുവനന്തപുരം: ഇതോടെ പ്രവേശ നടപടി കൂടുതല്‍ സങ്കീര്‍ണമായി. സ്വാശ്രയ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകള്‍ ഉള്‍പ്പെടെ മുഴുവന്‍ സീറ്റിലേക്കും സര്‍ക്കാര്‍തന്നെ അലോട്ട്മെന്‍റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ചര്‍ച്ചയില്‍ വ്യക്തമാക്കി. എന്നാല്‍, മാനേജ്മെന്‍റ് സീറ്റിലെ പ്രവേശാധികാരം അനുവദിച്ചില്ളെങ്കില്‍ കരാര്‍ ഒപ്പിടാനാകില്ളെന്ന് വ്യക്തമാക്കി മാനേജ്മെന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇറങ്ങിപ്പോയി. ഇക്കാര്യത്തില്‍ പിറകോട്ടില്ളെന്ന് മന്ത്രി വ്യക്തമാക്കിയതോടെയായിരുന്നു ഇറങ്ങിപ്പോക്ക്. ചര്‍ച്ച അലസിയതോടെ അസോസിയേഷന്‍ ഭാരവാഹികള്‍ യോഗം ചേര്‍ന്ന് സ്വന്തം നിലക്ക് പ്രവേശ നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. എല്ലാ സീറ്റിലേക്കും കോളജുകള്‍തന്നെ ‘നീറ്റ്’ പട്ടികയില്‍നിന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം നടത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് പി. കൃഷ്ണദാസും സെക്രട്ടറി വി. അനിലും അറിയിച്ചു.

മാനേജ്മെന്‍റ് സീറ്റുകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍തന്നെ നിര്‍ബന്ധമായും പ്രവേശം നടത്തണമെന്നല്ല, പരിഗണിക്കണമെന്ന് മാത്രമേ കേന്ദ്രം പറഞ്ഞിട്ടുള്ളൂ. കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ 50 ശതമാനം സീറ്റിലെ പ്രവേശാധികാരം മാനേജ്മെന്‍റുകള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. മുഴുവന്‍ സീറ്റിലും സര്‍ക്കാര്‍ പ്രവേശം നടത്തിയാല്‍ കോളജുകള്‍ നടത്തിക്കൊണ്ടുപോകാനാകില്ളെന്നും അവര്‍ പറഞ്ഞു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കുകയായിരുന്നു. ആരോഗ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനത്തെിയെങ്കിലും അദ്ദേഹം ഓഫിസില്‍ ഇല്ലായിരുന്നു.

പ്രവേശാധികാരത്തിലെ തര്‍ക്കം പരിഹരിക്കാനാവാതെ പോയതോടെ ഫീസ് ഘടനയെക്കുറിച്ച ചര്‍ച്ച നടന്നില്ല. തിങ്കളാഴ്ച സ്വന്തം നിലക്കുള്ള പ്രവേശ നടപടികള്‍ തുടങ്ങുമെന്നാണ് അസോസിയേഷന്‍ പറയുന്നത്. മന്ത്രിക്ക് പുറമെ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, പ്രവേശ പരീക്ഷാ കമീഷണര്‍ ബി.എസ്. മാവോജി, അസോസിയേഷന്‍ ഭാരവാഹികളായ പി. കൃഷ്ണദാസ്, വി. അനില്‍, കെ.എം. മൂസ തുടങ്ങിയവര്‍ പങ്കെടുത്തു.

മുഴുവന്‍ ഡെന്‍റല്‍ സീറ്റിലേക്കും സര്‍ക്കാര്‍ അലോട്ട്മെന്‍റ് ഏകീകൃത ഫീസ് നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ ഡെന്‍റല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും ഇത്തവണ സര്‍ക്കാര്‍ പ്രവേശം നടത്തും. ഡെന്‍റല്‍ കോളജ് മാനേജ്മെന്‍റ് അസോസിയേഷനുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഘടനക്ക് പകരം ഇത്തവണ ഏകീകൃത ഫീസ് ഘടന നടപ്പാക്കാനും തീരുമാനമായി. മെഡിക്കല്‍, ഡെന്‍റല്‍ കോഴ്സുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ പ്രവേശം നടത്തുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര നിര്‍ദേശമുണ്ടായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയിലാണ് അതു നടപ്പാക്കാന്‍ തീരുമാനമായത്.

എന്നാല്‍, ഏകീകൃത ഫീസ് വേണമെന്ന മാനേജ്മെന്‍റ് അസോസിയേഷന്‍െറ നിലപാട് സര്‍ക്കാര്‍ അംഗീകരിച്ചു. ഇതനുസരിച്ച് 85 ശതമാനം സീറ്റുകളിലേക്കും ഏകീകൃത ഫീസായി നാലു ലക്ഷം രൂപ നിശ്ചയിച്ചു. ഇതില്‍ 10 ശതമാനം സീറ്റിലേക്ക് ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് അരലക്ഷം രൂപ ഫീസില്‍ പഠിക്കാന്‍ അവസരം നല്‍കും. ബാക്കി വരുന്ന 15 ശതമാനം എന്‍.ആര്‍.ഐ സീറ്റില്‍ 5.75 ലക്ഷമായിരിക്കും ഫീസ്. നാലു ലക്ഷം രൂപ പലിശയില്ലാത്ത നിക്ഷേപമായും സ്വീകരിക്കാം. ഏകീകൃത ഫീസ് നിലവില്‍ വരുന്നതോടെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മെറിറ്റ് സീറ്റില്‍ ഫീസ് നിരക്ക് കുത്തനെ ഉയരും.

കഴിഞ്ഞ വര്‍ഷം മെറിറ്റ് സീറ്റുകളില്‍ 44 ശതമാനത്തിലേക്ക് 23,000 രൂപയും അവശേഷിക്കുന്ന 56 ശതമാനത്തിലേക്ക് 1.75 ലക്ഷം രൂപയുമായിരുന്നു. മാനേജ്മെന്‍റ് സീറ്റില്‍ 4.75 ലക്ഷവും എന്‍.ആര്‍.ഐയില്‍ 5.75 ലക്ഷവുമാണ് ഫീസ്. 18 കോളജുകളാണ് ഡെന്‍റല്‍ അസോസിയേഷന് കീഴിലുള്ളത്.