സ്‌കൂള്‍ കായികമേള; പതിവുപോലെ ഇത്തവണയും കേരളം തന്നെ ചാമ്പ്യന്മാര്‍

download
7:05 pm
02/02/2016

കോഴിക്കോട്: 61ാം ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിനു തുടര്‍ച്ചയായ 19 ാം കിരീടം. 39 സ്വര്‍ണവും 28 വെള്ളിയും 16 വെങ്കലവും നേടിയാണ് കേരളം കിരീടം ചൂടിയത്. 2009ല്‍ കൊച്ചിയില്‍ നേടിയ 46 സ്വര്‍ണമെന്ന റെക്കോര്‍ഡ് കേരളത്തിന് മറികടക്കാനായില്ല. അവസാന ദിനം മാത്രം 11 സ്വര്‍ണവും 10 വെള്ളിയും അഞ്ചു വെങ്കലുവുമാണ് കേരളം നേടിയത്. തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. മേളയില്‍ പത്തു കേരള താരങ്ങള്‍ മീറ്റ് റെക്കോര്‍ഡ് കുറിച്ചു.

കേരളത്തിന്റെ ലിസ്ബത്ത് കരോലിന്‍ ജോസഫ് ദേശീയ റെക്കാഡോടെ മീറ്റില്‍ മൂന്നാം സ്വര്‍ണനേട്ടവും അബിത മേരി മാനുവല്‍ ഇരട്ടസ്വര്‍ണ നേട്ടവും ഇന്ന് കൈവരിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററിലാണ് അബിത മീറ്റ് റെക്കോര്‍ഡോടെ രണ്ടാം സ്വര്‍ണം നേടിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ 12.56 മീറ്റര്‍ ചാടിയാണ് ലിസ്ബത്ത് ഹാട്രിക് തികച്ചത്. 2006ല്‍ പശ്ചിമ ബംഗാള്‍ താരം സിബാനി ഭൂംജി കുറിച്ച 12.36 മീറ്റര്‍ എന്ന ദേശീയ റെക്കാഡാണ് ലിസ്ബത്ത് സ്വന്തം പേരിലാക്കിയത്.

പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രി മത്സരത്തില്‍ കെ.ആര്‍. ആതിര, സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ അബിത മേരി മാനുവല്‍ എന്നിവരാണ് ഇന്ന് സ്വര്‍ണം നേടിയത്.