സൗമ്യയെ ഗോവിന്ദച്ചാമി തീവണ്ടിയില്‍ നിന്നും തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി

01.57 AM 09-09-2016
saumya_murder_case_760x400ദില്ലി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയായി സുപ്രീം കോടതി പരാമര്‍ശം. കൊല്ലപ്പെട്ട സൗമ്യയെ ട്രെയിനില്‍ നിന്നും പ്രതിയായ ഗോവിന്ദച്ചാമി തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചു. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും കോടതി നിരീക്ഷിച്ചു.
കോടതിയുടെ ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ പ്രോസിക്യൂഷന്‍ പകച്ചുനിന്നു. കേസില്‍ വധശിക്ഷ ചോദ്യം ചെയ്തു പ്രതി ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക പരാമര്‍ശം ഉണ്ടായത്. ജസ്റ്റീസ് രഞ്ജന്‍ ഗോഗായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
തലയ്‌ക്കേറ്റ പരിക്കാണ് സൗമ്യയുടെ മരണകാരണമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ പരിക്ക് എങ്ങനെയുണ്ടായി എന്ന കാര്യം വ്യക്തമാക്കുന്നില്ല. സൗമ്യ പീഡനത്തിന് ഇരയായി എന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. മറ്റുകാര്യങ്ങളില്‍ മറുപടി വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചു.