ചണ്ഡിഗഢ്: പാകിസ്താന്‍ ജയിലില്‍ കഴിയുന്ന മുംബൈ സ്വദേശി ഹമീദ് അന്‍സാരിയുടെ മോചനത്തിന് മാതാപിതാക്കളുടെ അവസാനശ്രമം. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനെ കാണണമെന്ന ആവശ്യവുമായി ഹമീദ് അന്‍സാരിയുടെ (32) മാതാപിതാക്കളായ ഫൗസിയ അന്‍സാരിയും നിഹാലും അമൃത്സറിലത്തെി. ശനിയാഴ്ച തുടങ്ങിയ ഹാര്‍ട്ട് ഓഫ് ഏഷ്യ യോഗത്തില്‍ പങ്കെടുക്കാന്‍ സര്‍താജ് അസീസ് അമൃത്സറിലത്തെുന്നുണ്ട്.
ശിക്ഷാകാലാവധി കഴിഞ്ഞതിനാല്‍ ഹമീദിനെ വിടണമെന്നാവശ്യപ്പെടുന്ന പ്ളക്കാര്‍ഡുകളുമായാണ് ഇരുവരും എത്തിയത്. അസീസിനെ കാണണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന് കത്തയച്ചിരുന്നതായി ഫൗസിയ പറഞ്ഞു. എന്നാല്‍, മറുപടി ലഭിച്ചിട്ടില്ല. പ്ളക്കാര്‍ഡുകളുമായി യോഗസ്ഥലത്തിനടുത്തുതന്നെ നില്‍ക്കുമെന്ന് ഫൗസിയ പറഞ്ഞു.
ഐ.ടി എന്‍ജിനീയറായിരുന്ന ഹമീദ് 2012 നവംബര്‍ നാലിനാണ് പാകിസ്താനിലേക്ക് പുറപ്പെട്ടത്. ഇ-മെയില്‍ വഴി പരിചയപ്പെട്ട പാക് പെണ്‍കുട്ടിയെ കാണാനായിരുന്നു യാത്ര. കാബൂളില്‍ എത്തിയശേഷമാണ് പാകിസ്താനിലേക്ക് പോയത്. എന്നാല്‍, നവംബര്‍ പത്തിനുശേഷം ഹമീദിനെക്കുറിച്ച് വിവരമുണ്ടായില്ല. പിന്നീട്, ഹമീദ് പാക് സൈന്യത്തിന്‍െറ കസ്റ്റഡിയിലാണെന്നും മൂന്നു വര്‍ഷത്തെ തടവിന് വിധിച്ചതായും പാക് ഡെപ്യൂട്ടി അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചു.
വ്യാജ പാക് തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെച്ചതിനായിരുന്നു സൈനിക കോടതിയുടെ ശിക്ഷ. പെഷാവര്‍ സെന്‍ട്രല്‍ ജയിലില്‍ ഹമദ് അന്‍സാരി സഹതടവുകാരുടെ മര്‍ദനത്തിനും ഇരയായി. സംഭവത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെട്ടിരുന്നു.
ശിക്ഷാ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ മകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഫൗസിയ പെഷാവര്‍ ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഹരജി തള്ളിയ ഹൈകോടതി ഹമീദിന്‍െറ വിടുതല്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പാക് സൈന്യമാണെന്ന് അഭിപ്രായപ്പെടുകയായിരുന്നു.