08:48 pm 20/2/2017
ന്യുയോർക്ക്: ജർമൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലർ ഉപയോഗിച്ചിരുന്ന ഫോണ്‍ ലേലത്തിൽ വിറ്റു. 243,000 യുഎസ് ഡോളർ(1.6 കോടി രൂപ) വിലയിലാണ് ഹിറ്റ്ലർ സ്വകാര്യമായി ഉപയോഗിച്ചിരുന്ന ഈ ടെലിഫോണ്‍ വിറ്റുപോയത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലർ പ്രധാനപ്പെട്ട നിർദേശങ്ങൾ നൽകിയിരുന്നത് ഈ ഫോണിലൂടെയായിരുന്നു.
നാസി ജർമനി തകർന്നതിനുശേഷം 1945ൽ ബെർലിനിലെ ബങ്കറിൽനിന്നാണ് ഈ ഫോണ്‍ കണ്ടെടുത്തത്. കറുത്ത നിറത്തിൽ നിർമിച്ചിരുന്ന ഫോണ്‍ പിന്നീട് ഹിറ്റ്ലറുടെ പേര് ഉൾപ്പെടുത്തി കടും ചുവപ്പ് നിറത്തിൽ പെയിന്‍റ് ചെയ്തിരുന്നു. 70 വർഷം പഴക്കമുള്ള ഫോണിൽ സ്വസ്തിക് ചിഹ്നവും ചേർത്തിരുന്നു.
ഫോണ്‍ ലേലംകൊണ്ടയാളുടെ പേരുവിവരങ്ങൾ ലേലം നടത്തിയ അലക്സാണ്ടർ ഹിസ്റ്റോറിക്കൽ ഓക്ഷൻസ് പുറത്തുവിട്ടിട്ടില്ല. ഹിറ്റ്ലറുടെ ഫോണ്‍ ഉൾപ്പെടെ ആയിരത്തിൽ അധികം വസ്തുക്കളാണ് കന്പനി ലേലം ചെയ്തത്.

