ഹില്‍ പാലസിലെ ‘കൊള്ള’; പോലീസുക്കാര്‍ക്കായി തെരച്ചില്‍ ശക്തമാക്കി.

01:33pm 27/6/2016

download (2)
കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയം സന്ദര്‍ശിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും സുഹൃത്തായ യുവാവിനെയും ഭീഷണിപ്പെടത്തി പണം തട്ടിയ കേസില്‍ ഒളിവില്‍ പോയ സുരക്ഷാ ഉദ്യോഗസ്ഥരായ രണ്ടു എആര്‍ ക്യാമ്പിലെ പോലീസുകാര്‍ക്കായി തെരച്ചില്‍ ശക്തമാക്കി. മ്യൂസിയത്തിലെ സുരക്ഷാച്ചുമതലയുള്ള എആര്‍ ക്യാമ്പിലെ രാജേഷ്, സുരേഷ് എന്നിവര്‍ക്കെതിരെയാണ് പണം തട്ടിയതിന്റെ പേരില്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

പോലീസ് രണ്ടു സ്‌ക്വാഡായിട്ടാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ ഇവരെ പിടികൂടുമെന്നും തൃപ്പൂണിത്തുറ പോലീസ് അറിയിച്ചു. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുള്ളതായി കേട്ടിരുന്നു. എന്നാല്‍ പരാതികള്‍ ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പോലീസ് ഭാഷ്യം. മൊത്തം പോലീസിനും അപമാനമുണ്ടാക്കുന്ന സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് പരാതി കിട്ടിയ ഉടനെ അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാകാനാണ് സാധ്യത. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പക്കല്‍ നിന്ന് പണം തട്ടിയ പോലീസുകാര്‍ക്കെതിരേ സേനയ്ക്കുള്ളില്‍ തന്നെ പ്രതിഷേധം ശക്തമാണ്.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് സംഭവം. 17 വയസുകാരിയായ പെണ്‍കുട്ടിയും സുഹൃത്തായ യുവാവും മ്യൂസിയം വളപ്പിലെ ബെഞ്ചിലിരിക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരായ രാജേഷും സുരേഷും അവരെ സമീപിച്ചു. ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണെ്ടന്ന് അവരെ അറിയിച്ചു. ഈ ദൃശ്യങ്ങള്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി കാണിക്കുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ കാണിക്കാതിരിക്കണമെങ്കില്‍ പണം ആവശ്യപ്പെട്ടു. ഇരുവരുടെയും കൈയില്‍ ആകെ 500 രൂപയില്‍ താഴെ മാത്രമെ ഉണ്ടായിരുന്നുള്ളു. ആ പണം വാങ്ങിയശേഷം എടിഎമ്മില്‍ പോയി കൂടുതല്‍ പണം എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എടിഎമ്മില്‍ നിന്നും 3,000 രൂപ എടുത്ത് ഈ പോലീസുകാരെ ഏല്‍പ്പിച്ച ശേഷമാണ് ഇവരെ പോകാന്‍ അനുവദിച്ചത്.

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായി പെണ്‍കുട്ടിയുടെ അച്ഛന്റെ മൊബൈലിലേക്ക് സന്ദേശം കിട്ടിയതാണ് സംഭവം പുറത്തറിയാന്‍ കാരണം. തുടര്‍ന്ന് പെണ്‍കുട്ടിയെ വിളിച്ച് അച്ഛന്‍ വിവരം അന്വേഷിച്ചു. അപ്പോഴേക്കും ഇരുവരും മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ചോറ്റാനിക്കര പോലീസില്‍ പരാതി നല്‍കി. രാത്രിയോടെ പെണ്‍കുട്ടി മുണ്ടക്കയത്ത് എത്തിയത് അറിഞ്ഞതോടെ കേസ് ഒഴിവാക്കിയെങ്കിലും പോലീസുകാര്‍ക്കെതിരേ അന്വേഷണം നടത്താന്‍ ഡിവൈഎസ്പി നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്നാണ് സിഐ കെ.കെ. സജീവന്റെ നിര്‍ദേശപ്രകാരം എസ്‌ഐ വി.ശിവകുമാര്‍ കേസെടുത്തത്. കഴിഞ്ഞ വര്‍ഷം കോതമംഗലത്തുള്ള ഒരു രാഷ്ട്രീയ നേതാവിനെയും യുവതിയെയും ഇവിടെ വച്ച് ഭീഷണിപ്പെടുത്തി വന്‍ തുക തട്ടിയ സംഭവം ഉണ്ടായിരുന്നു.