ഹൂസ്റ്റണിലെ ഗുണ്ടാ വിളയാട്ടം അമര്‍ച്ച ചെയ്യും; ഗവര്‍ണര്‍

07:06 pm 11/4/2017

– പി. പി. ചെറിയാന്‍


ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി എന്നീ സ്ഥലങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന ഗുണ്ടാ വിളയാട്ടം കര്‍ശനമായി അമര്‍ച്ച ചെയ്യുമെന്ന് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട്.

ലോക്കല്‍ പോലീസും എഫ്. ബി. ഐ യും ചേര്‍ന്നാണ് പുതിയ ഓപ്പറേഷന് നേതൃത്വം നല്‍കുക എന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഇന്ന് നടത്തിയ പത്ര സമ്മേളനത്തിലാണ് ഗവര്‍ണര്‍ ഗവണ്‍മെണ്ടിന്റെ നിലപാടുകള്‍ വിശദീകരിച്ചത്.

വര്‍ദ്ധിച്ചു വരുന്ന നിയമരാഹിത്യം അമര്‍ച്ച ചെയ്യുന്നതിനും, നിയമ നടപടികള്‍ സ്വീകരിച്ച് പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കുന്നതിനും ടെക്‌സസ്സ് പ്രതീക്താബന്ധമാണ്. സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 500000 ഡോളര്‍ ഇതിനുവേണ്ടി പ്രത്യേകം അനുവദിച്ചിട്ടുണ്ട്.

2016 ല്‍ ഹാരിസ് കൗണ്ടിയില്‍ മാത്രം 10% അക്രമ സംഭവങ്ങളാണ് വര്‍ദ്ധിച്ചിരിക്കുന്നതെന്ന് ഗവര്‍ണറുടെ ഓഫീസ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജന സംഖ്യയുള്ള ഹാരിസ് കൗണ്ടിയില്‍ 20000 ഗുണ്ടകള്‍ ഉണ്ടെന്നും മൂന്ന് ഗ്രൂപ്പുകളിലാണ് ഇവര്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും ഓഫീസ് പറഞ്ഞു.

ഇരുപത്തി നാല് മണിക്കൂറും പോലീസ് ഈ പ്രദേശങ്ങളില്‍ റോന്ത് ചുറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഈയ്യിടെ വര്‍ദ്ധിച്ച് വരുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ ഹൂസ്റ്റണ്‍ നിവാസികള്‍ പരിഭ്രാന്തരാണ്.